അടൂർ : കൊവിഡ് പോസിറ്റീവായി വീടുകളിൽ നിന്ന് പുറത്തിറങ്ങാൻ കഴിയാതെയിരിക്കുന്ന പള്ളിക്കൽ പഞ്ചായത്തിലെ വിവിധ വാർഡുകളിൽ കഴിയുന്ന രോഗികൾക്കും കുഞ്ഞുങ്ങൾക്കും സാന്ത്വനമേകുന്ന പദ്ധതിയുമായി പഴകുളം കെ.വി.യു.പി സ്കൂൾ ഹെൽത്ത് ക്ലബ്. രണ്ട് വിദ്യാർത്ഥികൾ ഉൾപ്പെടെ 4 പേരടങ്ങുന്ന ഒരു ടീം ഗ്രൂപ്പ് കോളിലൂടെയും,വീഡിയോ കോളിലൂടെയും രോഗികളെ വിളിച്ച് അവർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ ചോദിച്ചറിഞ്ഞു. ലഭിച്ച വിവരങ്ങൾ വാർഡുമെമ്പറെയും ആരോഗ്യ പ്രവർത്തകരെയും അറിയിച്ച് പരിഹാരം കാണാനും ശ്രദ്ധിച്ചു. വിദ്യാർത്ഥികൾ കുഞ്ഞുങ്ങളുമായി സംസാരിക്കുകയും അവരെ പാട്ടു പാടിയും കഥ പറഞ്ഞും സന്തോഷിപ്പിക്കുകയും ചെയ്തു. ആദ്യഘട്ടമെന്ന നിലയിൽ 5-ാം വാർഡിൽ തുടക്കം കുറിച്ച പദ്ധതി 23 വാർഡുകളിലും നടപ്പാക്കാനാണ് തീരുമാനമെന്ന് സ്കൂൾ ഹെഡ്മിസ്ട്രസ് കവിതാ മുരളിയും പ്രോഗ്രാം കോർഡിനേറ്ററായ കെ.എസ്.ജയരാജും പറഞ്ഞു. പദ്ധതിയുടെ ഉദ്ഘാടനം പള്ളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് സുശീല കുഞ്ഞമ്മക്കുറുപ്പ് ഓൺലൈനായി നിർവഹിച്ചു. ഹെൽത്ത് ക്ലബ് സ്കൂൾ കോർഡിനേറ്റർമാരായ സിദ്ധാർത്ഥ്.എസ്, ഹംദ ബസീം, ക്ലാസ് കോർഡിനേറ്റർമാരായ അഫ്സാന ഷാനവാസ്, വരുൺ എസ് നായർ, ചിത്ര സംഗീത്, നവനീത് എന്നിവരും അദ്ധ്യാപകരായ ബസീം.ഐ, വന്ദന. വി.എസ്, ലക്ഷ്മി രാജ്, ബിന.വി, സ്മിത.ബി, ശാലിനി. എസ് എന്നിവരുമാണ് പങ്കെടുക്കുന്നത്.