റാന്നി: ലോഡുമായി വന്ന ടിപ്പർ ലോറിയുടെ ഡ്രൈവർക്ക് ഇട്ടിയപ്പാറ ജംഗ്ഷനിലെ ട്രാഫിക് പോയിന്റിൽ വച്ച് നെഞ്ചു വേദനയും ദേഹാസ്വാസ്ഥ്യവും ഉണ്ടായതിനെത്തുടർന്ന് വാഹനം നടുറോഡിൽ നിറുത്തിയിട്ടു. ഇന്നലെ രാവിലെ പതിനൊന്നോടെ ഇട്ടിയപ്പാറ സെൻട്രൽ ജംഗ്ഷനിലായിരുന്നു സംഭവം. ടിപ്പർ ഡ്രൈവർ സന്തോഷിനാണ് (35) ആസ്വാസ്ഥ്യമുണ്ടായത്. പെട്ടെന്നു റോഡ് ബ്ലോക്കായത് ശ്രദ്ധയിൽപ്പെട്ട ഓട്ടോ - ടാക്സി തൊഴിലാളികളും നാട്ടുകാരും എത്തുമ്പോഴേക്കും സംസാരിക്കാൻ കഴിയാതെ സ്റ്റിയറിംഗിലേക്ക് തല താഴ്ത്തി കിടക്കുകയായിരുന്നു സന്തോഷ്. സീറ്റിൽ നിന്ന് മാറ്റിയ ശേഷം ഒരാൾ വാഹനം നടുറോഡിൽ നിന്ന് മാറ്റിയിട്ടു. തുടർന്ന് താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു.