കടമ്പനാട് : കടമ്പനാട് 55-ാം നമ്പർ സർവീസ് സഹകരണ ബാങ്കിൽ ക്രമക്കേട് നടത്തിയ കേസിൽ മുൻ സെക്രട്ടറി ഉൾപ്പടെ രണ്ടുപേർ അറസ്റ്റിൽ . ബാങ്കിലെ മുൻ സെക്രട്ടറി കടമ്പനാട് പീസ് കോട്ടേജിൽ സണ്ണി. പി.ശാമുവേൽ (56), മുൻ അസിസ്റ്റന്റ് സെക്രട്ടറി കടമ്പനാട് വയലിറക്കത്ത് പുത്തൻ വീട്ടിൽ നിന്ന് മല്ലപ്പള്ളി കീഴ് വായ്പ്പൂരിൽ താമസിക്കുന്ന ലിൻസി ഐസക്ക് (54) എന്നിവരെയാണ് അറസ്റ്റുചെയ്തത്. 2016-17 കാലഘട്ടത്തിൽ കണക്കിൽ കൃത്രിമം കാട്ടിയതായാണ് കേസ്. സഹകരണ വകുപ്പ് ഓഡിറ്റ് വിഭാഗം ജൂനിയർ ഓഡിറ്റർ അനിൽ കുമാറിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ 2019 ലാണ് കേസെടുത്തത്. ഇന്നലെ ഇവരെ ഏനാത്ത് സ്റ്റേഷനിൽ വിളിച്ചുവരുത്തി ചോദ്യംചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ചിട്ടി , കാർഷിക വായ്പകൾ, ആധാരം പണയം വച്ചെടുത്ത വായ്പകൾ, എന്നിവ കൂടാതെ വ്യാജ വിലാസം രേഖപ്പെടുത്തി വായ്പയെടുക്കൽ, വായ്പയിൽ പലിശ കുറച്ച് അടപ്പിച്ച് ബാങ്കിന് നഷ്ടം വരുത്തുക എന്നിവ ചെയ്തതായാണ് പരാതി. ക്രമക്കടിന്റെ പേരിൽ ഇവരെ ബാങ്ക് സസ്പെന്റ് ചെയ്തിരുന്നു. ഏനാത്ത് സി.ഐ .സുജിത്ത്, എസ്.ഐമാരായ സുമേഷ്, സുരേഷ് ബാബു, എ.എസ്. ഐ രാധാകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം