ചെങ്ങന്നൂർ: വൃദ്ധ തനിച്ച് താമസിക്കുന്ന വീട്ടിൽ മോഷണത്തിന് ശ്രമിച്ച യുവാവിനെ പൊലിസ് അറസ്റ്റുചെയ്തു. നെടുവരംകോട് സ്വദേശി ഊരാളി സുനിലാണ് പിടിയിലായത്. നെടുവരംകോട് തയ്യിൽ സാറാമ്മ വർഗ്ഗീസിന്റെ വീട്ടിലാണ് മോഷണശ്രമം നടന്നത്. കഴിഞ്ഞ 21ന് രാത്രി 7.30ന് സാറമ്മ ടി.വി കണ്ടുകൊണ്ടിരിക്കെ സുനിൽ അടുക്കള വാതിലിലൂടെ മുറിയിലെത്തി. അലമാര തുറന്ന് മോഷണം നടത്താൻ ശ്രമിക്കുകയായിരുന്നു. ശബ്ദം കേട്ട് മുറിയിലെത്തിയ വൃദ്ധ കൈയിലിരുന്ന ഇലക്ട്രിക് ബാറ്റുകൊണ്ട് സുനിലിനെ ശക്തമായി അടിച്ചു. ബാറ്റിൽ നിന്ന് ഷോക്കേറ്റ് നിലത്തു വീണ സുനിൽ സാറാമ്മയെ തള്ളിയിട്ട ശേഷം കടന്നുകളയുകയായിരുന്നു. ചെങ്ങന്നൂർ പൊലീസ് എത്തി സമീപത്തെ ആളൊഴിഞ്ഞ വീട്ടിൽ ഒളിച്ചിരുന്ന സുലിനെ അറസ്റ്റു ചെയ്തു. സാറമ്മയുടെ വീട്ടിലെ ജോലിക്കാരനായിരുന്ന സുനിൽ രണ്ടു വർഷം മുൻപ് ഇവിടെ നിന്ന് മാല അപഹരിച്ചിരുന്നു. അന്ന് പിടികൂടിയെങ്കിലും ക്ഷമ പറഞ്ഞതിനാൽ പൊലീസിൽ പരാതി നൽകിയില്ല. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.