തിരുവല്ല: ട്രാവൻകൂർ ഷുഗേഴ്സിൽ നിറുത്തിവച്ചിരുന്ന ജവാൻ റം നിർമ്മാണം ഇന്നലെ പുനരാരംഭിച്ചു. മദ്യ നിർമ്മാണത്തിനായി മദ്ധ്യപ്രദേശിൽ നിന്ന് ടാങ്കറുകളിൽ എത്തിച്ച സ്പിരിറ്റിൽ നിന്ന് 20,386 ലിറ്റർ മറിച്ചുവിറ്റ കേസിൽ കമ്പനി ജനറൽ മാനേജർ ഉൾപ്പെടെ പ്രതി ചേർക്കപ്പെട്ടതോടെയാണ് മൂന്നാഴ്ച മുമ്പ് മദ്യോൽപാദനം നിറുത്തിവച്ചത്. പ്രതിദിനം 72,000 ലിറ്റർ മദ്യം ഉൽപാദിക്കുന്നതിനുള്ള ശേഷിയാണ് പ്ലാന്റിനുള്ളത്. ഇന്നലെ 45000 ലിറ്റർ ഉൽപാദിപ്പിച്ചു. ചൊവ്വാഴ്ചയോടെ ഉൽപാദനം പൂർണ തോതിലാകുമെന്ന് അധികൃതർ പറഞ്ഞു.
സ്പിരിറ്റ് ചോർത്തി വിറ്റ കേസിൽ മദ്ധ്യപ്രദേശിൽ പിടിയിലായ ഏഴാം പ്രതി സതീഷ് ബാൽ ചന്ദ് വാനി
ക്കായി പുളിക്കീഴ് പൊലീസ് തിരുവല്ല ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകിയതായി സി.ഐ ഇ.ഡി ബിജു അറിയിച്ചു. കേസന്വേഷണത്തിന്റെ ഭാഗമായി മദ്ധ്യപ്രദേശിലെത്തിയ സി.ഐ ബിജു വി.നായരുടെ നേതൃത്വത്തിലുള്ള സംഘം സേന്തൂർ റൂറൽ പൊലീസിന്റെ കസ്റ്റഡിയിലുള്ള സതീഷ് ബാൽ ചന്ദ് വാനിയെ അറസ്റ്റുചെയ്ത് ചോദ്യം ചെയ്തിരുന്നു. കേസിൽ നേരത്തെ പിടിയിലായ ഒന്നും രണ്ടും മൂന്നും പ്രതികളായ ടാങ്കർ ഡ്രൈവർമാരായ നന്ദകുമാർ, സിജോ തോമസ്, ജീവനക്കാരൻ അരുൺ കുമാർ എന്നിവർ റിമാൻഡിലാണ്. നാലും അഞ്ചും ആറും പ്രതികളായ കമ്പനി ജനറൽ മാനേജർ അലക്സസ് പി.ഏബ്രഹാം, പേഴ്സണൽ മാനേജർ പി.യു. ഹാഷിം, പ്രൊഡക്ഷൻ മാനേജർ മേഘ മുരളി എന്നിവർ
ഒളിവിലാണ്.