തിരുവല്ല: കവിയൂർ മനയ്ക്കച്ചിറയിലെ കുട്ടികളുടെ പാർക്കിൽ നിന്ന് പൂവരശുമരം വെട്ടിമാറ്റിയ സംഭവത്തിൽ പഞ്ചായത്ത് അധികൃതർക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പഞ്ചായത്ത് കമ്മിറ്റിയുടെ തീരുമാനമില്ലാതെ മരം മുറിച്ചുമാറ്റിയെന്ന് ആരോപിച്ച് സി.പി.എം ലോക്കൽ സെക്രട്ടറി രാജശേഖരക്കുറുപ്പ് നൽകിയ പരാതിയെ തുടർന്ന് പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി എന്നിവർക്കെതിരെയാണ് കേസ്. സംസ്ഥാന സർക്കാർ ദീർഘദൂര യാത്രക്കാർക്കായി നടപ്പാക്കുന്ന വഴിയോര വിശ്രമം പദ്ധതിയായ ടേക്ക് എ ബ്രേക്കിന്റെ ഭാഗമായാണ് മരങ്ങൾ മുറിച്ചത്. മുറിച്ചുമാറ്റിയ തടിക്ക് വനംവകുപ്പ് വില നിശ്ചയിക്കുകയും ചെയ്തിരുന്നു. ഇതിലെല്ലാം അഴിമതി ആരോപിച്ചാണ് പരാതി. അതേസമയം പഞ്ചായത്ത് ഭരിക്കുന്ന ബി.ജെ.പിക്കെതിരെ കേസെടുത്തത് രാഷ്ട്രീയ പ്രേരിതമാണെന്നും പഞ്ചായത്തിന്റെ തീരുമാനത്തിനെതിരെ കേസെടുത്ത പൊലീസ് നടപടിക്കെതിരെ ഡി.ജി.പിക്ക് പരാതി നൽകിയെന്നും പഞ്ചായത്ത് പ്രസിഡന്റ് എം.ഡി.ദിനേശ്കുമാർ അറിയിച്ചു.