രാമലക്ഷ്മണന്മാരോട് വാൽമീകി മഹർഷി തന്റെ പൂർവകഥ പറയുന്നു- കൊള്ളക്കാരനായിരുന്ന രത്‌നാകരൻ ഒരിക്കൽ സപ്തമുനികളെ കൊള്ളയടിക്കാനായി സമീപിച്ചു. തന്റെ കുടുംബം സംരക്ഷിക്കാൻ വേണ്ടിയാണ് ഈ ദുഷ്പ്രവൃത്തി എന്നു ന്യായീകരിച്ച രത്‌നാകരനോട് പാപഫലം അനുഭവിക്കാൻ അവർ തയ്യാറുണ്ടോ എന്ന് ചോദിച്ചുവരാൻ സപ്തർഷികൾ നിർദ്ദേശിച്ചു. കുടുംബം അതിന് തയ്യാറായില്ല. പശ്ചാത്താപത്തോടെ രത്‌നാകരൻ മടങ്ങിയെത്തി.
നമുക്ക് നേട്ടത്തിനായി ചെയ്യുന്ന കാര്യങ്ങളിലെ ധർമ്മനിഷ്ഠ പലപ്പോഴും നാം ചിന്തിക്കാറില്ല. ആത്മോപദേശ ശതകത്തിലൂടെ ഗുരുദേവൻ അനുഗ്രഹിച്ച് നൽകിയ വാക്കുകൾ നാം ഓർക്കേണ്ടതുണ്ട്. 'അവനവനാത്മസുഖത്തിനാചരിക്കുന്നവ അപരന്നു സുഖത്തിനായ് വരേണം'.
രത്‌നാകരന് രാമമന്ത്രം ഉപദേശിച്ച് സപ്തർഷികൾ യാത്രയായി. ദീർഘകാലം രാമമന്ത്രം ജപിച്ചിരുന്ന രത്‌നാകരനെ ചിതൽപ്പുറ്റ് മൂടി. അനേകകാലത്തിനുശേഷം താപസന്മാർ ആ വഴി വന്നു. അവരുടെ സാമീപ്യം മനസ്സിലാക്കിയ രത്‌നാകരൻ ചിതൽപ്പുറ്റിൽനിന്ന് പുറത്തുവന്നു. വാൽമീകത്തിൽ നിന്ന് ജനിച്ചതിനാൽ വാൽമീകി എന്ന പേര് ലഭിച്ചു. ചിത്രകൂടത്തിൽ വാൽമീകി രാമലക്ഷ്മണന്മാർക്കായി ഒരു പർണശാല ഉണ്ടാക്കി നൽകി.
ഇതേ സമയം അയോദ്ധ്യയിൽ തിരികെയെത്തിയ സുമന്ത്രർ നൽകിയ വിവരങ്ങളറിഞ്ഞ് ദശരഥനും കൗസല്യയും വിലപിക്കാൻ തുടങ്ങി. ദശരഥൻ തനിക്ക് ലഭിച്ച ശാപത്തിന്റെ കഥ സ്മരിക്കുന്നു. ഒരിക്കൽ നായാട്ടിനായി പോയ ദശരഥൻ എയ്ത അമ്പ് അബദ്ധത്തിൽ ഒരു യുവാവിന്റെ മരണത്തിനിടയാക്കി. യുവാവിന്റെ വൃദ്ധമാതാപിതാക്കളുടെ 'പുത്രദുഖത്താൽ നീയും മരിക്കും' എന്ന ശാപം അനുഭവിക്കേണ്ട സമയം എത്തിച്ചേർന്നിരിക്കുന്നുവെന്ന് കൗസല്യയെ അറിയിച്ച ദശരഥൻ, രാമലക്ഷ്മണന്മാരെയും സീതയേയും ഓർത്തു വിലപിച്ചുകൊണ്ട് മരിക്കുന്നു.
വസിഷ്ഠന്റെ സന്ദേശം ലഭിച്ച ഭരതശത്രുഘ്‌നന്മാർ അയോദ്ധ്യയിലേക്ക് മടങ്ങിയെത്തി. ഭരതൻ പിതാവിന്റെ മരണത്തിനും, സഹോദരന്മാരുടെ വനവാസത്തിനും കാരണക്കാരിയായ കൈകേയിയോട് കോപിക്കുന്നു.
മരണം എന്നത് ആത്മാവിന്റെ ജീർണവസ്ത്രം ഉപേക്ഷിക്കൽ മാത്രമാണ് എന്ന തത്വം ഭരതന് ഉപദേശിച്ചു കൊടുക്കുന്ന വസിഷ്ഠൻ, കർമ്മങ്ങളിൽ വ്യാപൃതനായിക്കൊണ്ട് ദുഃഖങ്ങളിൽ നിന്ന് മോചിതനാകാൻ ഭരതനോട് നിർദ്ദേശിക്കുന്നു.