1
നെല്ലിമുകൾ തെങ്ങമം റോഡിൽ കുറുവക്കാട് പാലത്തിന്റെ നിർമ്മാണം .

കടമ്പനാട് : റോഡ് നവീകരണത്തിന്റെ പേരിൽ നാട്ടുകാരെയും യാത്രക്കാരെയും വട്ടംചുറ്റിച്ച് അധികൃതർ. റോഡ് ടാറിംഗ് എന്നു തുടങ്ങുമെന്ന് ഉത്തരവാദിത്വത്തത്തോടെ പറയാനോ പറഞ്ഞാൽ ആ വാക്ക് പാലിക്കാനാ ആരുമില്ലാത്ത സ്ഥിതിയാണ്. അടൂരിൽ നിന്ന് പള്ളിക്കൽ തെങ്ങമം ഭാഗത്തേക്ക് പോകുവാൻ മൂന്ന് മാർഗങ്ങളാണ് ഉള്ളത്. പഴകുളം - ആനയടി റോഡ്, പെരിങ്ങനാട് പാറ കൂട്ടം റോഡ്, നെല്ലിമുകൾ മുണ്ട പള്ളി റോഡ്, പഴകുളം - ആനയടി റോഡ് കിഫ്ബി പദ്ധതിയിൽ ഉൾപെടുത്തി നവീകരികരിക്കാൻ തുടങ്ങിയിട്ട് മൂന്ന് വർഷം കഴിഞ്ഞു. പഴകുളം മുതൽ പള്ളിക്കൽ പഞ്ചായത്ത് ഓഫീസ് വരെയുള്ള ഭാഗത്ത് മെറ്റൽ നിരത്തിയിട്ട് തന്നെ ഒരു വർഷം കഴിഞ്ഞു. ഇതുവഴി യാത്ര ചെയ്യാനെ കഴിയില്ല. ഓട്ടോറിക്ഷകൾ ഇതു വഴി വരാറില്ല. ടൂവീലറും ഓട്ടോറിക്ഷയിലും ജനങ്ങൾ മൂന്ന് വർഷമായി മാമൂട് - പയ്യനല്ലൂർ റോഡ് വഴിയാണ് യാത്ര. ഈ റോഡും നിറയെ കുഴികളാണ്. എങ്കിലും പഴകുളം വഴി വരുന്നതിന്റെ അത്രയും പ്രശ്നമില്ലാത്തതിനാൽ സഹികെട്ട് ഇതുവഴി യാത്ര ചെയ്യുകയാണ്. ജൂൺ 18ന് ടാറിംഗ് തുടങ്ങുമെന്ന് എം.എൽ.എ പറഞ്ഞിരുന്നെങ്കിലും ഇതുവരെയും തുടങ്ങിയില്ല.

പെരിങ്ങനാട് - പാറക്കൂട്ടം റോഡിൽ മെറ്റൽ നിരത്തിയിട്ട് നാളുകൾ

പെരിങ്ങനാട് - പാറക്കൂട്ടം റോഡ് തുടങ്ങുന്നത് ചേന്നം പള്ളിൽ നിന്നാണ്. ഈ വി.കൃഷ്ണ പിള്ളയുടെ പേരിലുള്ള റോഡാണിത്. ഇതും ടാറിംഗ് നടത്താനായി മെറ്റിൽ നിരത്തിയിട്ട് മാസങ്ങളായി. റോഡുകളിൽ ചെല സ്ഥലങ്ങളിൽ കലുങ്കുകളുടെയും നിർമ്മാണം നടക്കുന്നുണ്ട്. ഇതുവഴിയും യാത്ര ചെയ്യാൻ ബുദ്ധിമുട്ടാണ്. നെല്ലിമുകൾ - തെങ്ങമം റോഡിലും കുറവക്കാട് ഭാഗത്ത് കലുങ്കിന്റെ നിർമ്മാണം നടക്കുന്നതിനാൽ മാസങ്ങളായി ഇതു വഴി ഗതാഗതം നിരോധിച്ചിരുന്നു. കലുങ്കിന് സ്ലാബ് വാർത്തിട്ട് മണ്ണും ഇട്ടതിനാൽ ഇതുവഴി യാത്രക്കാർ സ്വയം യാത്ര തുടങ്ങുകയായിരുന്നു. യാത്രാ നിരോധന ബോർഡ് ഇപ്പോഴും നെല്ലിമുകൾ ജംഗ്ഷനിൽ ഉണ്ട് . ഈ റോഡിൽ ആനയടി വരെയും റോഡിന്റെ പല ഭാഗങ്ങളിലും ഘട്ടറാണ്.

പെരിങ്ങനാട് മുണ്ടപ്പള്ളി ഭാഗവും തകർന്നു

പെരിങ്ങനാട് പുത്തൻ ചന്തയിൽ നിന്ന് മുണ്ടപള്ളി വരെയുള്ള ഭാഗവും റോഡ് തകർന്നു. സ്വകാര്യ ബസുകൾ കൊവിഡ് കാരണം പലതും ഓട്ടം നിറുത്തി. അടൂരിൽ നിന്ന് കെ.എസ്.ആർ.ടി.സി തെങ്ങമത്തിന് നെല്ലിമുകൾ വഴി മാത്രമേയുള്ളു. അതും പലസർവീസുകളും ഇല്ല . ഓട്ടോയും ഇരു ചക്ര വാഹനങ്ങളുമാണ് ആശ്രയം. റോഡുകളുടെ നിർമ്മാണം തീരാത്തതിനാൽ കിലോമീറ്ററുകൾ ചുറ്റിസഞ്ചരിക്കേണ്ട ഗതികേടിലാണ് വർഷങ്ങളായി ഇതു വഴിയുള്ള യാത്രക്കാർ.