കോഴഞ്ചേരി : ഗുരു പരമ്പരകൾ കാട്ടിത്തന്ന വഴിയിലൂടെ ആധുനിക കാലത്തും അദ്ധ്യാപകർ സാമൂഹ്യ ,വിദ്യാഭ്യാസ രംഗങ്ങളിൽ നടത്തുന്ന പ്രവർത്തനങ്ങൾ മാതൃകാപരമാണന്ന് മിസോറം മുൻ ഗവർണർ കുമ്മനം രാജശേഖരൻ. ആറന്മുള വിജയാനന്ദ വിദ്യാപീഠത്തിൽ നടന്ന ഗുരുപൂർണിമയും അനുമോദന ചടങ്ങും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സി.ബി.എസ്.ഇ. അദ്ധ്യാപകർക്കായി നടത്തിയ ഓൺലൈൻ ടീച്ചിംഗ് മത്സരത്തിൽ സ്‌പെഷ്യൽ അവാർഡ് നേടിയ നാല് അദ്ധ്യാപികമാരേയും ഓൺലൈൻ പ്രസംഗ മത്സരത്തിൽ വിജയിയായ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയേയും ചടങ്ങിൽ കുമ്മനം അനുമോദിച്ചു. ആറന്മുളയുടെ നഷ്ടമായ പൈതൃകം തിരിച്ച് പിടിക്കാൻ വിദ്യാപീഠം നടത്തുന്ന ശ്രമങ്ങൾ ശ്ലാഖനീയമാണ്. കൃഷി, കല, സാഹിത്യം, ആചാരം എന്നിവ നഷ്ടപ്പെട്ട് തുടങ്ങി. ഇത് വീണ്ടെടുത്ത് പുതു തലമുറയ്ക്ക് കൈമാറണം. അതിന് ഏറ്റവും സഹായം ചെയ്യാൻ കഴിയുന്നത് അദ്ധ്യാപകർക്കാണ്. അത് അവർ പാലിക്കുന്നു എന്നതിന്റെ ഉദാഹരണമാണ് അദ്ധ്യാപികമാർക്ക് ലഭിച്ച പുരസ്‌ക്കാരം. ഓൺലൈൻ പ്രസംഗ മത്സരത്തിൽ പ്രത്യേക അവാർഡ് നേടിയ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി നക്ഷത്ര നിധിന്റെ വിജയമെന്നും കുമ്മനം പറഞ്ഞു. പ്രത്യേക അവാർഡ് നേടിയ സ്‌കൂൾ വൈസ് പ്രിൻസിപ്പൽ എസ്.ലത, അദ്ധ്യാപികമാരായ യു.ബിന്ദു, ജ്യോതി വി.നായർ, ഉത്തര മുകുന്ദൻ, വിദ്യാർത്ഥിനി നക്ഷത്ര എന്നിവർക്ക് കുമ്മനം രാജശേഖരൻ സർട്ടിഫിക്കറ്റുകളും പുരസ്‌കാരങ്ങളും വിതരണം ചെയ്തു. സ്‌കൂൾ പ്രിൻസിപ്പൽ ഡോ.പി.എസ്.ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു. എ.കെ.ഉണ്ണികൃഷ്ണൻ, അഡ്വ.കെ.ഹരിദാസ്, പി.എസ്.സരേഷ്‌കുമാർ, വിജയൻ നായർ പുറമറ്റത്ത്, പി.ആർ.ഷാജി എന്നിവർ പ്രസംഗിച്ചു.