കടമ്പനാട് : കടമ്പനാട് അമ്പത്തഞ്ചാം നമ്പർ സർവീസ് സഹകരണ ബാങ്കിൽ ക്രമക്കേട് നടത്തിയ കേസിൽ അറസ്റ്റിലായവരെ റിമാൻഡ് ചെയ്തു.ബാങ്കിലെ മുൻ സെക്രട്ടറി കടമ്പനാട് പീസ് കോട്ടേജിൽ സണ്ണി. പി.ശാമുവേൽ (56), മുൻ അസിസ്റ്റന്റ് സെക്രട്ടറി കടമ്പനാട് വയലിറക്കത്ത് പുത്തൻ വീട്ടിൽ നിന്ന് മല്ലപ്പള്ളി കീഴ് വായ്പ്പൂരിൽ താമസിക്കുന്ന ലിൻസി ഐസക്ക് (54) എന്നിവരാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്. ലിൻസി ഐസക്കിനെ തിരുവനന്തപുരം അട്ടക്കുളങ്ങര വനിതാ ജയിലിലും സണ്ണി പി. ശാമുവേലിനെ കൊട്ടാരക്കര സബ് ജയിലിലുമാണ് റിമാൻഡ് ചെയ്തത്. 2016-17 കാലയളവിൽബാങ്കിലെ കണക്കിൽ കൃത്രിമം കാട്ടിയതായാണ് കേസ്. സഹകരണ വകുപ്പ് ഓഡിറ്റ് വിഭാഗം ജൂനിയർ ഓഡിറ്റർ അനിൽ കുമാറിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ 2019 ലാണ് കേസെടുത്തത്.. ചിട്ടി , കാർഷിക വായ്പകൾ, ആധാരം പണയം വച്ചെടുത്ത വായ്പകൾ, വ്യാജ വിലാസം രേഖപ്പെടുത്തി വായ്പയെടുക്കൽ, വായ്പയിൽ പലിശ കുറച്ച് അടപ്പിച്ച് ബാങ്കിന് നഷ്ടം വരുത്തൽ എന്നിവയാണ് പരാതി. ക്രമക്കോടിന്റെ പേരിൽ ഇവരെ ബാങ്ക് സസ്പെൻഡ് ചെയ്തിരുന്നു.