മല്ലപ്പള്ളി : കൃഷി ഭവന്റെ നേതൃത്വത്തിൽ മല്ലപ്പള്ളി പഞ്ചായത്തും കാർഷിക വികസന കർഷക ക്ഷേമവകുപ്പും സംയുക്തമായി ഹരിത ഇക്കൊ ഷോപ്പ് ആരംഭിക്കുന്നു. മുൻ ഭരണ സമിതി വിഭാവനം ചെയ്ത പദ്ധതിയുടെ നിർവഹണത്തിനായി പഞ്ചായത്തിന്റെയും കർഷകരുടെയും നേതൃത്വത്തിൽ താൽക്കാലിക ഭാരവാഹികളെ തിരഞ്ഞെടുത്ത് പ്രവർത്തനം ആരംഭിച്ചു. ജൈവ കർഷകർക്ക് മുൻഗണന നൽകി അവരുടെ ഉത്പന്നങ്ങൾ ന്യായമായ വിലക്ക് സംഭരിക്കുന്നതിനും വിപണനം നടത്തുന്നതിനും വേണ്ടി ഹരിത ഇക്കൊ ഷോപ്പിൽ അംഗമാകുന്നതിനുള്ള അപേക്ഷകൾ കൃഷി ഭവനിൽ ലഭിക്കും. കൃഷിയിടത്തിന്റെ കരം അടച്ച രസീത്, പാട്ടകൃഷിയാണെങ്കിൽ പാട്ടച്ചീട്ട്, ആധാർ, ബാങ്ക് പാസ് ബുക്ക് എന്നിവയുടെ പകർപ്പ് കൃഷി ഭവനിൽ നൽകി അപേക്ഷിക്കണമെന്ന് കൃഷി ഓഫീസർ ജോസഫ് ജോർജ്ജ് അറിയിച്ചു.