പത്തനംതിട്ട : കാട്ടുപന്നി സംരക്ഷിത മൃഗമെന്ന പേരിൽ കേന്ദ്രാനുമതി വേണമെന്നാവശ്യപ്പെട്ട് ഇത്രയും കാലം കേരളത്തിലെ കർഷകരെ കബളിപ്പിക്കുന്ന സമീപനമാണ് സംസ്ഥാന വനംവകുപ്പ് സ്വീകരിച്ചുവന്നിരുന്നതെന്ന് ഹൈക്കോടതിയിൽ ഈവിഷയവുമായി ബന്ധപ്പെട്ടു ഹർജി നൽകിയ കിഫയ്ക്കുവേണ്ടി ഹാജരായ അഭിഭാഷകർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ക്ഷുദ്രജീവി ഗണത്തിൽപ്പെടുത്തി കാട്ടുപന്നിയെ നശിപ്പിക്കാൻ അനുമതി വേണമെന്നാവശ്യപ്പെട്ടാണ് സ്വതന്ത്ര കർഷക സംഘടനയായ കിഫ ഉൾപ്പെടെ കോടതിയെ സമീപിച്ചിരുന്നത്.
കേന്ദ്ര വനനിയമത്തിന്റെ മൂന്നാം ഷെഡ്യൂളിൽ 19-ാം നമ്പറിൽപെട്ട മൃഗമാണ് കാട്ടുപന്നി. ഇവയെ വനനിയമത്തിന്റെ അഞ്ചാം ഷെഡ്യൂളിൽപ്പെടുത്തി ക്ഷുദ്രജീവിയായി പരിഗണിക്കണമെന്നാവശ്യമാണ് കർഷകർ ഉന്നയിച്ചിരുന്നത്. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഒരുവർഷത്തിലേറെയായി സംസ്ഥാന വനംവകുപ്പ് നടപടികൾ നീക്കിയെങ്കിലും കേന്ദ്രാനുമതി ലഭിച്ചില്ല. സാങ്കേതികമായ ചില പിഴവുകൾ ഉണ്ടായിയെന്നാണ് വിശദീകരണം വന്നത്. സംസ്ഥാന ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ അധികാരം ഉപയോഗിച്ച് കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പരിഗണിച്ച് നശിപ്പിക്കാൻ കഴിയുമെന്ന ഹർജിക്കാരുടെ വാദം കോടതി അംഗീകരിക്കുകയും ഇതിന്മേൽ ഒരുമാസത്തിനുള്ള നടപടി സ്വീകരിച്ച് അറിയിക്കാൻ ആവശ്യപ്പെടുകയും ചെയ്തിരിക്കുകയാണിപ്പോൾ. വൈൽഡ് ലൈഫ് പ്രൊട്ടക്ഷൻ നിയമത്തിലെ വകുപ്പ് 62 പ്രകാരം കാട്ടുപന്നികളെ ക്ഷുദ്രജീവി ഗണത്തിൽപെടുത്തണമെന്നാവശ്യമാണ് കർഷകർ മുന്നോട്ടുവച്ചിരിക്കുന്നതെന്ന് കിഫ ലീഗൽ സെൽ കൺവീനർ ജോണി കെ. ജോർജ് പറഞ്ഞു. .
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കാട്ടുപന്നിയെ ക്ഷുദ്രജീവി ഗണത്തിൽപെടുത്തി നശിപ്പിക്കാനുള്ള അനുമതി നേരത്തെ നല്കിയിട്ടുള്ളതാണ്. കേരളത്തിലെ ഒട്ടുമിക്ക ജില്ലകളിലും കർഷകർക്ക് വൻ പ്രതിസന്ധിയുണ്ടാക്കുന്ന ഇവയെ നശിപ്പിക്കുന്നതിൽ ഗൗരവതരമായ വീഴ്ച സർക്കാർ ഭാഗത്തുനിന്നുണ്ടായെന്ന് കർഷക സംഘടനകൾക്കുവേണ്ടി ഹാജരായ അലക്‌സ് എം. സ്‌കറിയയും ജോസ് ജെ. ചരുവിലും പറഞ്ഞു.