24-pdm-bus
പന്തളത്ത് നടന്ന ബിജെപി ഉപരോധസമരം അടൂർ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി എം. ബി.ബിനുകുമാർ ഉദ്ഘാടനം ചെയ്യുന്നു

പന്തളം: പന്തളത്തു നിന്ന് പമ്പയിലേക്ക് എല്ലാദിവസവും സർവീസ് നടത്തിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി ബസ് നിറുത്തലാക്കാൻ തീരുമാനിച്ചതിൽ പ്രതിഷേധിച്ച് ഭാരതീയ ജനതാ പാർട്ടിയുടെ നേതൃത്വത്തിൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് ഓഫീസിൽ കൺട്രോളിംഗ് ഇൻസ്‌പെക്ടറെ ഉപരോധിച്ചു.
വർഷങ്ങളായി പന്തളത്തുനിന്ന് പമ്പയിലേക്ക് പൊയ്‌ക്കൊണ്ടിരിക്കുന്ന ഈ സർവീസ് ഇപ്പോൾ നഷ്ടത്തിലാണെന്ന കാരണം പറഞ്ഞാണ് നിറുത്തലാക്കിയിരിക്കുന്നത്. നടപടി അടിയന്തരമായി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഉപരോധം.
സർവീസ് പുനരാരംഭിക്കാൻ നടപടി സ്വീകരിക്കുമെന്ന അധികൃതരുടെ ഉറപ്പിനെ തുടർന്ന് ഉപരോധം അവസാനിപ്പിച്ചു..
ബി.ജെ.പി പന്തളം മുനിസിപ്പൽ പ്രസിഡന്റ് രൂപേഷിന്റെ അദ്ധ്യക്ഷതയിൽ അടൂർ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി എം. ബി.ബിനുകുമാർ സമരം ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ ജനറൽസെക്രട്ടറി ഉണ്ണി കുളത്തിനാൽ, സെക്രട്ടറിമാരായ അരുൺകുമാർ, സുമേഷ് കുമാർ, ഗോപു കുരമ്പാല, രാജീവ് രവീന്ദ്രൻ, അനൂപ്,ശ്രീകുമാർ പന്തളം, അനൂപ് കുമാർ, എന്നിവർ പങ്കെടുത്തു.