പന്തളം: പ്ലേഗ് പുഴുവിനെ കണ്ടെത്തിയ പന്തളം തെക്കേക്കര പഞ്ചായത്തിലെ ചെറുലയത്ത് , കാർഷിക സർവകലാശാലയിലെ ശാസ്ത്രജ്ഞരും പത്തനംതിട്ട ജില്ലയിലെ കൃഷി വകുപ്പ് ഉന്നത ഉദ്യോഗസ്ഥരും സന്ദർശിച്ചു. പുഴുവിനെതിരെയുള്ള പ്രകൃതിദത്ത ഉപരോധമായ എൻ.പി.വി വൈറസിന്റെ സാന്നിദ്ധ്യം പ്രദേശത്തു കണ്ടെത്തിയെന്നും അതിനാൽ നാലു ദിവസത്തിനുള്ളിൽ കീടത്തിന്റെ ശല്യം അവസാനിക്കുമെന്നും നിലവിലുള്ള പ്രതിരോധ പ്രവർത്തനങ്ങൾ മതിയെന്നും ശാസ്ത്ര സംഘം അറിയിച്ചു.
കേരള കാർഷിക സർവകലാശാലയിലെ ശാസ്ത്രജ്ഞരായ ഡോ. എൻ. സുരേന്ദ്രൻ, ഡോ. ജ്യോതി സാറ ജേക്കബ്, ഡോ. റിനി സി.ആർ, ഡോ. ജിൻസാ നസീം, വെള്ളായണി കാർഷിക സർവകലാശാല കർഷക സാന്ത്വന ടീമംഗങ്ങളായ ഡോ. കെ.ഡി. പ്രതാപൻ, ടി. സന്തോഷ് കുമാർ, പത്തനംതിട്ട ഡെപ്യൂട്ടി കൃഷി ഡയറക്ടർ ജാൻസി കെ. കോശി, പന്തളംതെക്കേക്കര ഹെൽത്ത് ഇൻസ്‌പെക്ടർ ജി. ജയരാജ്, ജനപ്രതിനിധികൾ എന്നിവരടങ്ങിയ സംഘമാണു സന്ദർശനം നടത്തിയത്.