പത്തനംതിട്ട: കോഴഞ്ചേരി ജില്ലാ ആശുപത്രി സൂപ്രണ്ട് സഞ്ചരിച്ച ആംബുലൻസ് അപകടത്തിൽപ്പെട്ടു. സൂപ്രണ്ട് ഡോ. പ്രതിഭയ്ക്കും വാഹനത്തിലുണ്ടായിരുന്ന ആശുപത്രി ജീവനക്കാരായ രണ്ട് പേർക്കും പരിക്കേറ്റു. ഇന്നലെ ഉച്ചയ്ക്ക് 12.30 നായിരുന്നു സംഭവം. പത്തനംതിട്ടയിലുള്ള ജില്ലാ പഞ്ചായത്ത് ഓഫീസിൽ ഓക്സിജൻ പ്ലാന്റുമായി ബന്ധപ്പെട്ട യോഗത്തിൽ പങ്കെടുക്കാൻ കോഴഞ്ചേരിയിൽ നിന്ന് വരികയായിരുന്നു . കോഴഞ്ചേരിയിലേക്ക് പോയ കാർ നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു. ആംബുലൻസ് കീഴ്മേൽ മറിഞ്ഞു. ഈ കാർ മറ്റൊരു കാറിനേയും ഇടിച്ചിട്ടുണ്ട്. കാലിന് പരിക്കേറ്റ സൂപ്രണ്ടിനെ തിരുവല്ല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റ് രണ്ട് ജീവനക്കാർക്കും സാരമായ പരിക്കുണ്ട്.