രാജാക്കാട്: രാജകുമാരി കുംഭപ്പാറയിൽ കൃഷിയിടത്തിൽ ജോലി ചെയ്യുന്നതിനിടെ മരത്തിന്റെ ശിഖരം ഒടിഞ്ഞുവീണ് വീട്ടമ്മ മരിച്ചു. കുംഭപ്പാറ മനോഹരന്റെ ഭാര്യ പുഷ്പയാണ് (48) മരിച്ചത്. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് സ്വന്തം ഏലത്തോട്ടത്തിൽ വളമിടുന്നതിന് വേണ്ടി പുഷ്പ പോയതായിരുന്നു. വൈകുന്നേരമായിട്ടും ഇവർ വീട്ടിൽ തിരിച്ചെത്തിയില്ല. തുടർന്ന് ബന്ധുക്കൾ നടത്തിയ അന്വേഷണത്തിൽ രാത്രി എട്ട് മണിയോടെ മരക്കൊമ്പ് ദേഹത്ത് വീണ് ഗുരുതര പരിക്കേറ്റ നിലയിലായിരുന്നു പുഷ്പ. മരക്കൊമ്പ് മാറ്റി ഉടൻ ഇവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരിക്കുകയായിരുന്നു. ശക്തമായ കാറ്റിനെ തുടർന്ന് വൻവൃക്ഷം പതിച്ച് മറ്റൊരു മരത്തിന്റെ ശിഖരം ഒടിഞ്ഞ് പുഷ്പയുടെ ദേഹത്ത് വീഴുകയായിരുന്നു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. മക്കൾ: ശാന്തകുമാർ, പരേതനായ രാജേഷ്‌കുമാർ.