കോഴഞ്ചേരി : കൊവിഡ് പരിശോധനയിലെ പിഴവുകൾക്കും, വാക്സിനേഷനിലെ അഴിമതിയ്ക്കുമെതിരെ ബി.ജെ.പിയുടെ നേതൃത്വത്തിൽ മെഴുവേലി പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു.ആറന്മുള നിയോജക മണ്ഡലം പ്രസിഡന്റ് അഭിലാഷ് ഓമല്ലൂർ ഉദ്ഘാടനം ചെയ്തു. പാർട്ടി മെഴുവേലി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് വി.ആർ.രാജു അദ്ധ്യക്ഷത വഹിച്ചു. കർഷകമോർച്ച മണ്ഡലം സെക്രട്ടറി സുരേന്ദ്രൻ പിള്ള, പഞ്ചായത്ത് ജനറൽ സെക്രട്ടറി സുരേഷ്, മധു, യുവമോർച്ച പഞ്ചായത്ത് പ്രസിഡന്റ് രാഹുൽ രാജ് എന്നിവർ പ്രസംഗിച്ചു. ആരോഗ്യ വകുപ്പും, പഞ്ചായത്ത് ഭരണസമിതിയും 13-ാം വാർഡ് അംഗവും ചേർന്നു തെറ്റായ കൊവിഡ് പരിശോധന ഫലം സൃഷ്ടിച്ചതിനെ തുടർന്ന് ഉള്ളന്നൂർ വട്ടമുകുടിയിൽ രാജൻ എന്നയാൾ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ഈ സംഭവത്തിൽ പ്രതിക്ഷേധിച്ചാണ് ബി.ജെ.പി മെഴുവേലി പഞ്ചായത്ത് കമ്മിറ്റി സമര പരിപാടികൾ ആരംഭിച്ചത്. ആരോഗ്യമന്ത്രിയുടെ മണ്ഡലത്തിൽ ഉൾപ്പെട്ട പഞ്ചായത്തിലാണ് ഈ സംഭവം നടന്നത്. കൊവിഡ് വാക്സിനേഷ൯ സ്വന്തം പാർട്ടിക്കാ൪ക്ക് മാത്രം നൽകിയുള്ള അഴിമതിക്കുമെതിരേ വരും ദിവസങ്ങളിലും സമരം തുടരുമെന്നും ബി.ജെ.പി ഭാരവാഹികൾ അറിയിച്ചു.