കോഴഞ്ചേരി: ചെന്നീർക്കര പഞ്ചായത്തിലെ നല്ലാനിക്കുന്ന് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ മരുന്നുക്ഷാമം. ആശുപത്രിയിലെത്തുന്ന രോഗികൾ ഇതുമൂലം ബുദ്ധിമുട്ടുന്നു. ജീവിത ശൈലി രോഗങ്ങൾക്കുള്ള മരുന്നുകൾക്കാണ് ക്ഷാമം നേരിടുന്നത്. പതിവായി ഗുളികകളും മറ്റും കഴിക്കേണ്ട രോഗികൾ ഇക്കാരണത്താൽ ബുദ്ധിമുട്ടുന്നു. പ്രമേഹം, രക്തസമ്മർദം, കൊളസ്ട്രോൾ എന്നിവയ്ക്ക് ദിവസവും മരുന്നു കഴിക്കേണ്ട സാധാരണക്കാരായ രോഗികൾ മെഡിക്കൽ സ്‌റ്റോറുകളെയും മറ്റും ആശ്രയിക്കേണ്ട ഗതികേടിലാണ്. ചെന്നീർക്കര കൂടാതെ മെഴുവേലി, ഇലന്തൂർ പഞ്ചായത്ത് പ്രദേശങ്ങളിലുള്ളവർ ഓട്ടോയിലും കാൽനടയായും മറ്റുമാണ് ആശുപത്രിയിലെത്തുന്നത്. പ്രായാധിക്യമേറിയവരാണ് മരുന്നുക്ഷാമത്തിൽ ഏറെ ബുദ്ധിമുട്ടുന്നതും. മരുന്നെത്തിക്കുന്നതിന് ആരോഗ്യ വകുപ്പ് അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.