പത്തനംതിട്ട: കൃഷി നശിപ്പിക്കുന്ന പന്നികളെ കൊല്ലാൻ അനുവദിക്കുന്ന ഹൈക്കോടതി ഉത്തരവ് കർഷകർക്ക് പുതിയ പ്രതീക്ഷ നൽകുന്നു. ഉത്തരവ് വൈകാതെ നടപ്പാക്കണമെന്നാണ് കർഷകരുടെ ആവശ്യം. ജില്ലയിൽ കാട്ടുപന്നികളുടെ വലിയ ശല്ല്യമില്ലാത്ത താലൂക്കുകൾ തിരുവല്ലയും മല്ലപ്പള്ളിയുമാണ്. കോന്നി, റാന്നി വനമേഖലയോട് ചേർന്നുള്ള ജനവാസ പ്രദേശങ്ങളിൽ കാട്ടുപന്നികൾ കൃഷി നശിപ്പിക്കുന്നത് വർഷങ്ങളായി കർഷകരെ വലയ്ക്കുകയാണ്. ഭൂരിപക്ഷം കർഷകരും കൃഷി ഉപേക്ഷിച്ചിരിക്കുകയാണ്. ലോക്ക് ഡൗൺ കാലത്ത് നിരവധി ആളുകൾ കൃഷിയിലേക്ക് തിരിഞ്ഞെങ്കിലും കാട്ടുപന്നികൾ നശിപ്പിച്ചതോടെ പണി മതിയാക്കി. കാട്ടുപന്നികളുട‌െ കുത്തേറ്റ് ജീവൻ നഷ്ടപ്പെട്ടവരുമുണ്ട്. റാന്നി പഞ്ചായത്തിലെ തെക്കേപ്പുറത്ത് ഒരാൾ കാട്ടുപന്നിയുടെ കുത്തേറ്റ് മരിച്ചിരുന്നു. കാട്ടുപന്നികൾ നശിപ്പിച്ച കൃഷികളുമായി വനംവകുപ്പ് ഒാഫീസിലേക്ക് മാർച്ച് നടത്തിയ സംഭവങ്ങളും ജില്ലയിലുണ്ട്. പ്രധാന റോഡുകളിൽ രാത്രിയിൽ പന്നികൾ കൂട്ടമായി വിഹരിക്കുന്നുണ്ട്. ഇവയെ ഇടിച്ചും കുത്തേറ്റും നിരവധി ബൈക്ക് യാത്രക്കാർക്ക് പരിക്കേറ്റ സംഭവങ്ങളുമുണ്ടായി.

: കാട്ടുപന്നിശല്യം രൂക്ഷമായിട്ടും ഇത്രയുംകാലം കേരളത്തിലെ കർഷകരെ കബളിപ്പിക്കുന്ന സമീപനമാണ് സംസ്ഥാന വനംവകുപ്പ് സ്വീകരിച്ചുവന്നിരുന്നതെന്ന്, ഹൈക്കോടതിയിൽ ഈ വിഷയവുമായി ബന്ധപ്പെട്ട്‌ ഹർജി നൽകിയ കേരള ഇൻഡിപ്പെൻഡന്റ് ഫാർമേഴ്സ് അസോസിയേഷനു വേണ്ടി ഹാജരായ അഭിഭാഷകർ പറഞ്ഞു. സ്വതന്ത്ര കർഷകസംഘടനയായ കിഫ ഉൾപ്പെടെയാണ് കോടതിയെ സമീപിച്ചിരുന്നത്. കോടതിനിർദേശം എല്ലാ കർഷകർക്കും ഗുണംചെയ്യുമെന്ന് ഇവർ പറഞ്ഞു. ലൈസൻസുള്ളവർക്ക്‌ കാട്ടുപന്നിയെ വെടിവയ്ക്കാൻ നിശ്ചിത കാലയളവിലേക്ക്‌ ബന്ധപ്പെട്ട വനപാലകരും തദ്ദേശസ്ഥാപന പ്രതിനിധികളും അടങ്ങുന്ന ജാഗ്രതാസമിതി അനുമതി നൽകുകയും വ്യവസ്ഥകൾക്ക്‌ വിധേയമായി വെടിവയ്ക്കുകയുമാണ് നിലവിൽ ചെയ്തിരുന്നത്.

-----------------------

''പന്നികളെ തുരത്താൻ വനംവകുപ്പ് ഇറക്കിയ ഉത്തരവ് നടപ്പാക്കുന്നതിലെ ബുദ്ധിമുട്ടുകൾ കോടതി മുമ്പാകെ അവതരിപ്പിച്ചു.

ജോണി കെ.ജോർജ്, കിഫ ലീഗൽ സെൽ കൺവീനർ.

-----------------------------

'' സംസ്ഥാനത്തെ കർഷകർക്ക് വൻ പ്രതിസന്ധിയുണ്ടാക്കുന്ന കാട്ടുപന്നികളെ നശിപ്പിക്കുന്നതിൽ ഗുരുതരമായ വീഴ്ച സർക്കാർ ഭാഗത്തു നിന്നുണ്ടായി.

അലക്സ് എം.സ്കറിയ, ജോസ് ജെ.ചരുവിൽ - കർഷകർക്ക് വേണ്ടി ഹാജരായ അഭിഭാഷകർ.