കോന്നി : വിനോദ സഞ്ചാരികളുടെ സ്വപ്ന ഗ്രാമമാകാൻ ഒരുങ്ങുന്ന കോന്നിയിൽ രണ്ട് മേഖലകൾ തിരിച്ചുള്ള ടൂറിസം വികസനം വരുന്നു. കോന്നി ഇക്കോ ടൂറിസം, അടവി ,ഗവി എന്നിവയാണ് നിലവിൽ പ്രവർത്തിക്കുന്ന പ്രധാന ടൂറിസം കേന്ദ്രങ്ങൾ. കോന്നിയും, ഗവിയും രണ്ട് പ്രധാന മേഖലകളാക്കി തിരിച്ച് ടൂറിസം വികസനം സാദ്ധ്യമാക്കാനുള്ള നടപടിയാണ് പുരോഗമിക്കുന്നത്. ആനയെ പ്രധാന ആകർഷക കേന്ദ്രമാക്കി, പ്രകൃതിയെ സംരക്ഷിച്ച്, പ്രകൃതിക്കിണങ്ങുന്ന ടൂറിസം ഗ്രാമമായാണ് കോന്നിയെ മാറ്റിത്തീർക്കുന്നത്. കോന്നിയുടെ 11 പഞ്ചായത്തും നിരവധി ടൂറിസം സാദ്ധ്യതാ പ്രദേശങ്ങളാൽ സമ്പന്നമാണ്.
മലകളെയും വെള്ളച്ചാട്ടങ്ങളെയും സംരക്ഷിച്ച് കോന്നി സർക്ക്യൂട്ട്
കോന്നി കേന്ദ്രമാക്കി ടൂറിസം വികസനം നടത്തുമ്പോൾ ഏനാദിമംഗലം പഞ്ചായത്തിലെ അഞ്ചുമലപാറ, കലഞ്ഞൂർ പഞ്ചായത്തിലെ രാക്ഷസൻ പാറ, പ്രമാടം പഞ്ചായത്തിലെ നെടുംപാറ, അരുവാപ്പുലം പഞ്ചായത്തിലെ കാട്ടാത്തിപ്പാറ എന്നീ മലകൾ കേന്ദ്രീകരിച്ച് ടൂറിസം പദ്ധതി നടപ്പിലാക്കും. അടവിയിൽ കൂടുതൽ ട്രീടോപ്പ് ഹട്ടുകൾ ഉന്നത നിലവാരത്തിൽ നിർമ്മിക്കും. മണ്ണീറ വെള്ളച്ചാട്ടം, കല്ലേലി ചെളിക്കുഴി വെള്ളച്ചാട്ടം തുടങ്ങിയവ വികസിപ്പിക്കും. വനത്തിനുള്ളിലെ ആരാധന കേന്ദ്രങ്ങളെ ഉൾപ്പെടുത്തി പിൽഗ്രിം ടൂറിസവും നടപ്പിലാക്കും.വിവിധ ഭാഗങ്ങളിൽ ഫുഡ് കോർട്ടുകൾ,റോപ്പ് വേ, ട്രക്കിംഗ്, സൈക്ലിംഗ്,മുളം ചെങ്ങാടങ്ങൾ,അക്വേറിയം,വാക്‌സ് മ്യൂസിയം, ഐ മാക്‌സ് തിയറ്റർ, റോക്ക് പാർക്ക്, കുട്ടികളുടെ അഡ്വഞ്ചർ പാർക്ക്, കുതിര സവാരി,ഹട്ട്, റിസോർട്ട്, ഹോം സ്റ്റേ , ആയുർവേദം, ഓർഗാനിക് ഫാമിംഗ് തുടങ്ങിയവയും പദ്ധതിയിലുണ്ട്.
അണക്കെട്ടുകളുടെ അഴകിൽ ഗവി സർക്ക്യൂട്ട്
ഗവി കേന്ദ്രമാക്കി ചിറ്റാർ, സീതത്തോട് പഞ്ചായത്തിലെ ടൂറിസം കേന്ദ്രങ്ങളുടെ വികസനമാണ് ലക്ഷ്യമിടുന്നത്. കാരിക്കയം, കക്കി ഡാമുകളിൽ ബോട്ടിംഗ്, സീതത്തോട് കക്കാട്ടാറിൽ കയാക്കിംഗ് തുടങ്ങിയവ ആരംഭിക്കും. കോന്നി ഫിഷിന്റെ ഭാഗമായി കക്കി ഡാമിൽ ആരംഭിക്കുന്ന കൂട് മത്സ്യക്കൃഷിയും ടൂറിസവുമായി ബന്ധിപ്പിക്കാൻ കഴിയും.ഗവി മേഖലാ ടൂറിസത്തിന്റെ ഭാഗമായി ടൂറിസ്റ്റുകൾക്ക് വിപുലമായ താമസ സൗകര്യം ഒരുക്കും. ഇതിനായി ഒഴിഞ്ഞുകിടക്കുന്ന ലയങ്ങൾ അതേ നിലയിൽ നിലനിറുത്തി ഉന്നത നിലവാരത്തിൽ പുനരുദ്ധരിച്ച് താമസ സൗകര്യം ഒരുക്കും.
.................................
സർക്കാർ, സ്വകാര്യ സംയുക്ത പങ്കാളിത്തത്തോടെയുള്ള വികസന നിർദ്ദേശങ്ങളാണ് പ്രധാനമായും ഉയർന്നു വരുന്നത്. ഇവയെല്ലാം ഉൾക്കൊള്ളുന്ന വിപുലമായ മാസ്റ്റർ പ്ലാൻ തയാറാക്കി സർക്കാരിനു സമർപ്പിക്കും. ആയിരം പേർക്ക് പ്രത്യക്ഷത്തിലും, മൂവായിരം പേർക്ക് പരോക്ഷമായും തൊഴിൽ ലഭിക്കും.
അഡ്വ. കെ.യു. ജനീഷ് കുമാർ
(എം.എൽ.എ)