പത്തനംതിട്ട : വർക് ഷോപ്പ് തൊഴിലാളികളെ മോട്ടോർ തൊഴിലാളി ക്ഷേമനിധിയിൽ ലയിപ്പിക്കുക, പെട്രോളിയം ഉൽപ്പന്നങ്ങളെ ജി.എസ്.ടിയിൽ ഉൾപ്പെടുത്തി വിലക്കയറ്റം തടയുക, സ്ക്രാബേജ് പോളിസിയിൽ തൊഴിൽ നഷ്ടം സംഭവിക്കുന്ന ഓട്ടോമൊബൈൽ വർക്ക്ഷോപ്പ് തൊഴിലാളികളെ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഓട്ടോമൊബൈൽ വർക് ഷോപ്പ് അസോസിയേഷന്റെ നേതൃത്വത്തിൽ നിരാഹാര സമരം നടത്തി. സംസ്ഥാന സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റ് പടിക്കൽ നടന്ന ജില്ലാതല നിരാഹാര സമരം ജില്ലാ പ്രസിഡന്റ് മാത്യൂസ് വർഗീസ് ഉദ്ഘാടനം ചെയ്തു. ജില്ലയിൽ കുമ്പഴ ,തിരുവല്ല ,പന്തളം, റാന്നി ,കോന്നി ,വടശേരിക്കര, അടൂർ തുടങ്ങിയ കേന്ദ്രങ്ങളിലും സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് സമരം നടന്നു. സമരത്തിൽ പത്തനംതിട്ട യൂണിറ്റ് പ്രസിഡന്റ് പ്രകാശ് ഗ്യാലക്സി അദ്ധ്യക്ഷത വഹിച്ചു. അസോസിയേഷൻ ജില്ലാ സെക്രട്ടറി പ്രസാദ് വി.മോഹൻ , രമേശ്, ഷൈൻകുമാർ, ജയപാൽ ,രമേശ് കുമാർ, ജോജി എന്നിവർ സംസാരിച്ചു.