ഭരതൻ ദശരഥന്റെ സംസ്‌കാരവും മറ്റ് അന്ത്യക്രിയകളും യഥാവിധി നടത്തി. വസിഷ്ഠൻ ഭരതനെ സഭയിലേക്ക് വരുത്തിയിട്ട് രാജ്യഭാരം ഏൽക്കണമെന്ന് ആവശ്യപ്പെട്ടു. ഭരതൻഅതിന് തയ്യാറാകാതെ രാമനെ കൂട്ടിക്കൊണ്ടുവരാനായി വനത്തിലേക്ക് പോകുന്നു. എല്ലാവിധ സന്നാഹങ്ങളുമായി അവർ യാത്ര തിരിച്ചു.
ഗംഗാതീരത്ത് എത്തിയ ഭരതൻ , രാമനും സീതയും കിടന്ന സ്ഥലത്തുപോയി രാമസാന്നിദ്ധ്യം അനുഭവിച്ച് വികാരാധീനനായി. ഇവിടെ നാം കാണുന്നത് സാഹോദര്യ ബന്ധത്തിന്റെ ആഴമാണ്. ഗുഹൻ അവരെ ഗംഗയുടെ മറുകരെ എത്തിച്ചു. ഭരദ്വാജമഹർഷിയുടെ തപോവനത്തിൽ അന്ന് അവർ താമസിച്ചു.
അടുത്ത ദിവസം അവർ ചിത്രകൂടത്തിലേക്കുള്ള യാത്ര തുടരുന്നു. ദൂരെ ശ്രീരാമന്റെ പർണശാല തിരിച്ചറിഞ്ഞ ഭരതൻ രാമന്റെ പാദസ്പർശമേറ്റ മൺധൂ ളികൾ ദേഹത്ത് ലേപനം ചെയ്യുന്നു. ആശ്രമത്തിലെത്തിയ ഭരതൻ ജടാവൽക്കലധാരിയായ ശ്രീരാമനെ ഗാഢാശ്ലേഷം ചെയ്തു. സഹോദരസ്‌നേഹത്തിന്റെയും മാതൃപുത്രസ്‌നേഹത്തിന്റെയും വികാരാധീനമായ രംഗങ്ങളാണ് നാം ഇവിടെ കാണുന്നത് . ദശരഥന്റെ ദേഹവിയോഗം അറിഞ്ഞ് മൂവരും വളരെയേറെ ദു:ഖിക്കുന്നു.ദശരഥന്റെ ശ്രാദ്ധകർമ്മങ്ങൾ അവർ വേണ്ടവണ്ണം അനുഷ്ഠിച്ചു.
അടുത്ത പ്രഭാതത്തിൽ രാമനെ അഭിഷേകം ചെയ്ത് തിരികെക്കൊണ്ടുപോകാനായാണ് വന്നിരിക്കുന്നത് എന്നറിയിച്ചു. എല്ലാവരുടെയും നിർബന്ധത്തെ സ്‌നേഹാദരപൂർവം നിരസിക്കുന്ന രാമൻ പതിനാല് വർഷത്തിന് ശേഷം തിരികെയെത്താം എന്ന് ഉറപ്പ് നൽകുന്നു. ഭരതൻ രാമന്റെ പാദുകങ്ങൾ സിംഹാസനത്തിൽ പ്രതിഷ്ഠിച്ച് രാമന്റെ സേവകനായി രാജ്യം ഭരിച്ചു. ഭരതശത്രുഘ്‌നന്മാർ രാമനെപ്പോലെ താപസവേഷം ധരിച്ച്, ഫലമൂലാദികൾ മാത്രം ഭുജിച്ച് ഒരു പർണശാല കെട്ടി അതിൽ താമസിച്ചാണ് രാജ്യം ഭരിച്ചത്.
യാത്ര തുടർന്ന രാമലക്ഷ്മണന്മാർ അത്രിമഹർഷിയുടെ ആശ്രമത്തിൽ എത്തിച്ചേർന്നു. മഹർഷിയുടെ പത്‌നി അനസൂയ സീതാദേവിക്ക് സമ്മാനങ്ങൾ നൽകി അനുഗ്രഹിച്ചു. ഇവിടെ അയോദ്ധ്യാകാണ്ഡം പൂർത്തിയാകുന്നു