റാന്നി : പുനലൂർ-മൂവാറ്റുപുഴ സംസ്ഥാനപാതയുടെ നിർമ്മാണവുമായി ബന്ധപ്പെട്ടുള്ള പരാതികളും ഇതുമായി ബന്ധപ്പെട്ട് ജനങ്ങളുടെ പ്രശ്നങ്ങളും പരിഹരിക്കുന്നതിന് എം.എൽ.എ വിളിച്ചുചേർത്ത ഉന്നതതല യോഗത്തിൽ തീരുമാനമായി. എം.എൽ.എയുടെ നിർദ്ദേശ പ്രകാരം കെ.എസ്.ഇ.ബി ചീഫ് എൻജിനീയർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരും കൺസൾട്ടൻസിയും നിർമ്മാണക്കമ്പനിയായ ഇ.കെ.കെയുടെ അധികൃതരും യോഗത്തിൽ പങ്കെടുത്തു. റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് പൈപ്പുകൾ തകരാറിലായതിനെ തുടർന്ന് ഇട്ടിയപ്പാറ, പെരുമ്പുഴ , ഐത്തല, മാമുക്ക് ഭാഗങ്ങളിൽ ജലവിതരണം മുടങ്ങിയിട്ട് ആറുമാസത്തോളമായി . എട്ട് ദിവസത്തിനകം പണികൾ പൂർത്തീകരിച്ച ജലവിതരണം സാദ്ധ്യമാക്കാൻ അധികൃതർക്ക് എം.എൽ.എ കർശന നിർദ്ദേശം നൽകി. ബ്ലോക്കുപടി മുതൽ ചെത്തോംകര വരെയുള്ള റോഡ് നിർമ്മാണം എത്രയും വേഗം പൂർത്തീകരിക്കാനും എം.എൽ.എ ആവശ്യപ്പെട്ടു. ഓണത്തിന് മുമ്പേ ഈ ഭാഗങ്ങൾ സഞ്ചാരയോഗ്യമായ ആകും . കൈയേറ്റം നടന്ന ഭാഗങ്ങളിൽ റീ സർവേ നടത്താൻ കളക്ടറോട് എം.എൽ. എ ആവശ്യപ്പെട്ടു. ബസ്ബേകളുടെ എണ്ണം തിട്ടപ്പെടുത്തുക, റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് റോഡിന് ഇരുവശത്തും താമസിക്കുന്നവരുടെ പരാതികൾ അടിയന്തരമായി പരിഹരിക്കുക ,റാന്നി വൈക്കം സ്കൂളിലേക്ക് കലിങ്കിലൂടെയുള്ള വെള്ളമൊഴുക്കിന് പരിഹരിക്കുക, ഇട്ടിയപ്പാറയിലും വലിയപറമ്പിൽ പടിയിലും ഓട ഉയർത്തി നിർമ്മിച്ചിരിക്കുന്നത് മൂലം വ്യാപാരികൾ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണുക , ചെത്തോംകര തോടിന്റെ വീതി വർദ്ധിപ്പിക്കുക, 33 കെ.വി വൈദ്യുത ലൈൻ അറ്റകുറ്റപ്പണി നടത്തുക, സർക്കാർ വിലക്കെടുത്ത മൊത്തം ഭൂമിയും റോഡിനായി പ്രയോജനപ്പെടുത്തുക തുടങ്ങിയവയപ്പറ്റി യോഗത്തിൽ തീരുമാനമെടുത്തു, റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട കൺസൾട്ടൻസിയും കെ.എസ്.ടി.പി അധികൃതരും കാട്ടുന്ന ഉദാസീനത എം.എൽ.എ തുറന്നു കാട്ടി.