കടമ്പനാട് : വായനപക്ഷാചരണത്തോട് അനുബന്ധിച്ച് അന്തരിച്ച ഗാനരചയിതാവ് അനിൽ പനച്ചൂരാന്റെ സ്മരണാർത്ഥം കൈതയ്ക്കൽ ബ്രദേഴ്‌സ് ഗ്രന്ഥശാല & സാംസ്കാരിക കേന്ദ്രം സംഘടിപ്പിച്ച കിളിക്കൊഞ്ചൽ കവിതാലാപനമത്സരത്തിൽ അടൂർ സ്വദേശി ശ്രീലക്ഷ്മി.എസ് ഒന്നാം സ്ഥാനം നേടി. സംസ്ഥാനത്തുടനീളമുള്ള 40 മത്സരാർത്ഥികൾ പങ്കെടുത്ത കിളിക്കൊഞ്ചൽ മത്സരത്തിൽ കരുനാഗപ്പള്ളി സ്വദേശി അജില എസ്.പി രണ്ടാം സ്ഥാനവും, തട്ട സ്വദേശി ഗൗരിനന്ദ എസ് മൂന്നാം സ്ഥാനവും നേടി. കവി തെങ്ങമം ഗോപകുമാർ അദ്ധ്യാപകരായ ശൂരനാട് രാധാകൃഷ്ണൻ, രാമചന്ദ്രൻ നായർ എന്നിവർ ഉൾപ്പെടുന്ന ജൂറിയാണ് വിജയികളെ തീരുമാനിച്ചത്. ഒന്നാം സ്ഥാനത്തിന് 5001 രൂപയും കൈമവിളയിൽ കെ.നാരായണൻ നായർ മെമ്മോറിയൽ ട്രോഫിയും പ്രശസ്തി പത്രവും രണ്ടാം സ്ഥാനത്തിന് 2501 രൂപയും തോട്ടുവ മനോജ് ഭവനത്തിൽ വാസുദേവൻ നായർ മെമ്മോറിയൽ ട്രോഫിയും പ്രശസ്തി പത്രവും മൂന്നാം സ്ഥാനത്തിന് 1501 രൂപയും വട്ടവിളയിൽ ജാനകിയമ്മ മെമ്മോറിയൽ ട്രോഫിയും പ്രശസ്തി പത്രവും സമ്മാനമായി നൽകും. മത്സരത്തിൽ പങ്കെടുത്ത് മികച്ച പ്രകടനം നടത്തിയവർക്ക് പ്രത്യേക പുരസ്കാരവും നൽകും.