കടമ്പനാട് : പരിമിതികളിൽ വീർപ്പുമുട്ടി അടൂർ എക്സൈസിന്റെ പ്രവർത്തനം. സർക്കിൾ ഇൻസ്പെക്ടറില്ല , റെയ്ഞ്ച് ഇൻസ്പെക്ടറില്ല. 24 ജീവനക്കാരാണ് റെയ്ഞ്ച് ഓഫീസിൽ ആകെയുള്ളത്. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സ്ഥലം മാറിപോയിട്ട് വർഷം ഒന്ന് കഴിഞ്ഞു. ഇതുവരെയും പകരം ആളിനെ നിയമിച്ചിട്ടില്ല. റെയ്ഞ്ച് ഇൻസ്പെക്ടർ മേയ് മാസം സർവീസിൽ നിന്ന് വിരമിച്ചു. ജൂലായ് ആയിട്ടും പകരം ആളില്ല. ജില്ല മുഴുവൻ ചുമതലയുള്ള സ്പെഷ്യൽ സ്ക്വാഡിലെ സി.ഐ.ക്കാണ് അഡീഷണൽ ചാർജ് .അസി.റെയ്ഞ്ച് ഇൻസ്പെക്ടർക്കാണ് റെയ്ഞ്ച് ഇൻസ്പെക്ടർ ചാർജ്. എക്സൈസ് ഓഫീസുകളുടെ പരിധിയിൽ നിന്നും കഞ്ചാവ്, മയക്കുമരുന്നു കേസുകൾ സ്ഥിരമായി റിപ്പോർട്ടു ചെയ്യുന്ന സാഹചര്യമുണ്ട്. തെക്കോട്ട് കടമ്പനാട് ഏഴാംമൈൽ വരെയും പടിഞ്ഞാറോട്ട് ആനയടി ബോർഡർ വരെയും അധികാരമുള്ള ഉദ്യോഗസ്ഥരില്ലാത്തത് ഇത്തരം കേസുകളെ ബാധിക്കുമെന്നാണ് വിലയിരുത്തൽ. കഞ്ചാവ് തന്നെ പിടിച്ചാൽ അതിൽ സ്മാൾ ക്വാണ്ടിറ്റി, മീഡിയം ക്വാണ്ടിറ്റി, ബിസിനസ് ക്വാണ്ടിറ്റി എന്നിങ്ങനെ ഗ്രേഡ് കൊടുത്തിട്ടുണ്ട്. ഒരു കിലോ വരെ സ്മാൾ ക്വാണ്ടിറ്റിയും, 20 കിലോവരെ മീഡിയം ക്വാണ്ടിറ്റിയും, അതിൽ മുകളിലുള്ളത് ബിസിനസ്സ് ക്യാണ്ടിറ്റിയുമാണ്. നിലവിലുള്ള ഉദ്യോഗസ്ഥന് സ്മാൾ ക്വാണ്ടിറ്റി മാത്രമേ കേസ് ചാർജ് ചെയ്യാൻ അധികാരമുള്ളു. മതിയായ വാഹന സൗകര്യവും രണ്ടിടത്തും ഇല്ലാത്തിടത്ത് പ്രവർത്തനത്തെ ബാധിക്കുന്നുണ്ട്. വളരെ വിശാലമാണ് അടൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഓഫീസിന്റെയും പറക്കോട് റെയ്ഞ്ച് ഓഫീസിന്റെയും പ്രവർത്തന പരിധി. പന്തളം ചേരിക്കൽ മുതൽ കലഞ്ഞൂർ പഞ്ചായത്തിന്റെ അതിർത്തിയായ പാടം വരെയാണ് ഇത്.