മല്ലപ്പള്ളി :വില്ലേജ് ഒാഫീസുകളെക്കുറിച്ചുള്ള പഴയ കാഴ്ചപ്പാടിൽ നിന്ന് വ്യത്യസ്തമായാണ് കല്ലൂപ്പാറ വില്ലേജ് ഒാഫീസ് മുഖം മിനുക്കിയത് . ഒാഫീസ് പ്രവർത്തനത്തിലെ മികവിൽ മാത്രമല്ല ,ഒാഫീസ് അന്തരീക്ഷത്തിൽത്തന്നെയുണ്ട് മാറ്രം.

സ്വന്തം വീട്ടിലേക്കെത്തുന്ന പ്രതീതിയാണ് ഇവിടെയെന്ന് നാട്ടുകാർ പറയുന്നു. മല്ലപ്പള്ളി - കല്ലൂപ്പാറ - തിരുവല്ല റോഡിൽ പ്രതിഭ ജംഗ്ഷനിൽ നിന്ന് കോമളത്തേക്കുള്ള വഴിയിൽ 200 മീറ്റർ മാറിയാണ് ഒാഫീസ്. . ഹരിതാഭമായ അന്തരീക്ഷം. മുറ്റത്ത് പൂക്കളും, വിവിധയിനം അലങ്കാര ചെടികളും. വിളവെടുപ്പിന് പാകമായ കൃഷിത്തോട്ടമാണ് ഇരുപത് സെന്റോളമുള്ള ഒാഫീസ് വളപ്പ്. ഇവിട കപ്പയടക്കമുള്ള കിഴങ്ങുവർഗങ്ങളുണ്ട്. വാഴക്കൃഷിയുമുണ്ട്. കെട്ടിടത്തിൽ തൂക്കിയിട്ട് വളർത്തിയ വള്ളിച്ചെടികൾ പൂത്തുലയുന്നു. ഒാഫീസിനോട് അനുബന്ധിച്ച് ലൈബ്രറിയും പ്രവർത്തിക്കുന്നു. ജീവനക്കാരുടെ കൂട്ടായ പ്രവർത്തനമാണ് ഒാഫീസിന്റെ മാറ്റത്തിന് പിന്നിൽ.രണ്ട് വർഷം മുമ്പ് ഇവിടെ ചുമതലയേറ്റ നാട്ടുകാരിയായ വില്ലേജ് ഒാഫീസർ ദിവ്യാ കോശിയുടെ നേതൃത്വത്തിലായിരുന്നു മാറ്റങ്ങൾ.2018-ലെ പ്രളയത്തിൽ മുങ്ങിപ്പോയ തോട്ടപ്പുഴശേരി വില്ലേജിലെ അന്നത്തെ ഓഫീസറായിരുന്ന ദിവ്യയുടെ സേവനം ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. കല്ലൂപ്പാറ വില്ലേജ് ഓഫീസും പരിസരവും വേറിട്ട അന്തരീക്ഷത്തിൽ ആകർഷകമാക്കിയതിന് പുറമെ ജനസൗഹൃദ -പരാതിരഹിത സർക്കാർ ഓഫീസാക്കി വില്ലേജ് ഒാഫീസിനെ മാറ്റാനുള്ള തീവ്രയജ്ഞത്തിലാണ് ഉദ്യോഗസ്ഥർ. മല്ലപ്പള്ളി താലൂക്ക് ഓഫീസിലെ ഹെഡ് ക്വാർട്ടേഴ്സ് ഡപ്യൂട്ടി തഹസീൽദാർ ഷിബു തോമസാണ് ദിവ്യയുടെ ഭർത്താവ്.

സർക്കാർ ഓഫീസുകൾ ജനസേവന കേന്ദ്രങ്ങളാകണം. അതിനായാണ് പ്രവർത്തിക്കുന്നത്.

ദിവ്യാ കോശി,

വില്ലേജ് ഓഫീസർ കല്ലൂപ്പാറ