കോഴഞ്ചേരി : കൊവിഡ് നിയന്ത്രണങ്ങൾ പ്രാബല്യത്തിലുണ്ടെങ്കിലും ഇലവുംതിട്ട ജംഗ്ഷനിൽ ഗതാഗതക്കുരുക്ക് ഒഴിയുന്നില്ല. റോഡരികുകളിലെ വാഹന പാർക്കിംഗാണ് ഇവിടെ കുരുക്ക് മുറുകുന്നതിലെ പ്രധാന വില്ലൻ. വ്യാപാര സ്ഥാപനങ്ങളിൽ എത്തുന്നവർ തോന്നിയപോലെ വാഹനം പാർക്ക് ചെയ്തിട്ടു പോകുന്നതു കാരണം മറ്റ് വാഹനങ്ങൾക്കോ യാത്രക്കാർക്കോ ജംഗ്ഷനിലൂടെ സുഗമമായി സഞ്ചരിക്കാൻ പറ്റാത്ത സ്ഥിതിയാണ്. ചെറിയ അപകടങ്ങൾ ജംഗ്ഷനിലും പരിസര ഭാഗങ്ങളിലും ഇപ്പോൾ പതിവാണ്. ഇലവുംതിട്ടയിലെ എൻജിനിയറിംഗ് കോളജിൽ എത്തിയ വിദ്യാർത്ഥികൾ സഞ്ചരിച്ച ഓട്ടോറിക്ഷ അപകടത്തിൽപ്പെട്ടത് ഒരാഴ്ച മുമ്പാണ്. ജംഗ്ഷനിലെ എസ്.ബി.ഐ ശാഖയ്ക്കു സമീപത്തായിരുന്നു അപകടം. ഇവിടെ റോഡിനിരുവശങ്ങളിലും വാഹനങ്ങൾ പാർക്ക് ചെയ്യുന്നതാണ് അപകടങ്ങൾക്ക് കാരണമാകുന്നതെന്നു യാത്രക്കാർ തന്നെ പറയുന്നുണ്ട്. ലോക്ക് ഡൗണിൽ ഇളവ് വന്നതിന് ശേഷം തിങ്കൾ, വെള്ളി ദിവസങ്ങളിലാണ് ജംഗ്ഷനിൽ വാഹനത്തിരക്ക് വർദ്ധിക്കുന്നത്. ജംഗ്ഷനിലെ മൂലൂർ സ്മൃതി മണ്ഡപത്തിന് സമീപം വാഹന പാർക്കിംഗിന് ഇടമുണ്ടെങ്കിലും ഇവിടെ തലങ്ങും വിലങ്ങുമാണ് ആളുകൾ വാഹനങ്ങൾ കൊണ്ടിടുന്നത്.
ബസ് സ്റ്റോപ്പിൽ ഓട്ടോ സ്റ്റാൻഡ്
ബസ് സ്റ്റോപ്പിൽ തന്നെയാണ് ഇവിടെ ഓട്ടോ സ്റ്റാൻഡുമുള്ളത്. ഇതിനിടയിലേക്ക് മറ്റ് വാഹനങ്ങൾ പാർക്ക് ചെയ്യുന്നതും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. റോഡരികുകൾ കവർന്നുള്ള പാർക്കിംഗ് പലപ്പോഴും ഇതുവഴിയുള്ള ബസുകൾക്കും യാത്രാ തടസമാകുന്നുണ്ട്. പത്തനംതിട്ട - ചെങ്ങന്നൂർ റൂട്ടിലെ കെ.എസ്.ആർ.ടി.സി ബസുകൾ ജംഗ്ഷനിലേക്ക് തിരിഞ്ഞ് കയറുന്നതിനും ഇറങ്ങുന്നതിനും മറ്റ് വാഹനങ്ങൾ മിക്കപ്പോഴും തടസമാകുന്നത് കാണാം. കോഴഞ്ചേരി- പന്തളം റോഡും കടന്നു പോകുന്നത് ഇതുവഴിയാണ്.
---------------------------
'' തുമ്പമൺ-കോഴഞ്ചേരി റോഡ് വികസനത്തിന്റെ ഭാഗമായി ജംഗ്ഷനിലെ ഓട്ടോ സ്റ്റാൻഡ് മാറ്റി സ്ഥാപിക്കേണ്ടി വരും. ആധുനിക മാർക്കറ്റിന്റെ നിർമ്മാണത്തിനൊപ്പം ഓട്ടോ സ്റ്റാൻഡിനും ഇടം കണ്ടെത്തും. ഇതോടെ പാർക്കിംഗ് പ്രശ്നത്തിന് പരിധി വരെ പരിഹാരമാകും.
ബിനു. ഡി.പല്ലവി,
വികസന കാര്യ സ്ഥിരം
സമിതി അംഗം ,
മെഴുവേലി പഞ്ചായത്ത്
..............
" ജംഗ്ഷനിലെ മൂലൂർ സ്മൃതി മണ്ഡപത്തിന് സമീപം പാർക്കിംഗ് കേന്ദ്രം അനുവദിക്കണമെന്നാവശ്യപ്പെട്ട് മന്ത്രിയ്ക്കും എം.പിയ്ക്കും നേരത്തെ തന്നെ നിവേദനം നൽകിയതാണ്. നടപടിയൊന്നുമായില്ല.
എം.ജി. സുകേശൻ, സെക്രട്ടറി, റസിഡന്റ്
അസോസിയേഷൻ,
ഇലവുംതിട്ട
ഇലവുംതിട്ട ജംഗ്ഷൻ -മെഴുവേലി പഞ്ചായത്ത് 8, 9 വാർഡുകൾ ചേരുന്നത്
-തിങ്കൾ, വെള്ളി ദിവസങ്ങളിൽ വൻ തിരക്ക്