കോന്നി : നൂറുകണക്കിന് കർഷകരും പൊതുജനങ്ങളും കച്ചവടക്കാരും എത്തുന്ന കൂടലിലെ ചന്ത നവീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ചന്തയിലെ മാലിന്യ സംസ്കരണമാണ് വലിയ പ്രശ്‍നം. ഇതിനായി യാതൊരു വിധ സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടില്ല. ചന്തയുടെ പിൻഭാഗങ്ങളിലെല്ലാം മാലിന്യങ്ങൾ കുന്നുകൂടി കിടക്കുകയാണ്. ചന്തയിലെ മാലിന്യങ്ങൾ റോഡിലേക്ക് ഒഴുകുന്നതും ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. പറക്കോട് ബ്ളോക്ക് പഞ്ചായത്ത് മത്സ്യ വ്യാപാരികൾക്ക് കച്ചവടം നടത്തുന്നതിന് കെട്ടിടം നിർമ്മിച്ചിട്ടുണ്ടെങ്കിലും ഇവിടെയും മാലിന്യം കൂട്ടിയിട്ടിരിക്കുകയാണ്. മത്സ്യ വ്യാപാരികൾ കെട്ടിടത്തിന് പുറത്താണ് കച്ചവടം നടത്തുന്നത്. ചന്തയോട് ചേർന്ന പഞ്ചായത്തിന്റെ ഷോപ്പിംഗ് കോംപ്ലെക്സിന്റെ മുറികളും കച്ചവടത്തിനായി ഉപയോഗിക്കുന്നു. ഇവിടെ പരസ്യമായി അനധികൃത കശാപ്പും നടക്കുന്നതായി പരാതിയുണ്ട്. ഇറച്ചി വിൽപ്പനശാലയുടെ ഒരുഭാഗം മറച്ചു അവിടെ അറവുമാടുകളെ വളർത്തുന്നുണ്ട്. സ്ഥലത്ത് കന്നുകാലികളുടെ മാലിന്യം നിറഞ്ഞു കിടക്കുകയാണ്. കലഞ്ഞൂർ ഗ്രാമ പഞ്ചായത്തിന്റെ അധീനതയിലാണ് മാർക്കറ്റ്. പഞ്ചായത്തിന്റെ ആരോഗ്യ വിഭാഗം പരിശോധനകൾ നടത്തുന്നില്ലെന്നും ആരോപണമുണ്ട്. പതിറ്റാണ്ടുകളുടെ പഴക്കമുള്ള ചന്തയുടെ നവീകരണത്തിനുള്ള നടപടികൾ വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.