veena
കനത്ത മഴയെത്തുടർന്ന് മുങ്ങിപ്പോയ കുരുമ്പൻമൂഴി കോസ്‌വേ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് സന്ദർശിക്കുന്നു. അഡ്വ. പ്രമോദ് നാരായൺ എംഎൽഎ, ജില്ലാ കളക്ടർ ഡോ. ദിവ്യ എസ്. അയ്യർ തുടങ്ങിയവർ സമീപം.

റാന്നി : കുരുമ്പൻമൂഴി അടുക്കളപാറക്കടവിൽ പമ്പാനദിക്ക് കുറുകെ പാലം നിർമിക്കുക മാത്രമാണ് പ്രദേശം ഒറ്റപ്പെടാതിരിക്കാൻ ഉള്ള വഴിയെന്നും കുരുമ്പൻമൂഴിക്കാരുടെ ദുരിതം പരിഹരിക്കാൻ അടിയന്തര മാർഗം കാണുമെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. കനത്ത മഴയെ തുടർന്നു മുങ്ങിപ്പോയ കുരുമ്പൻമൂഴി കോസ്‌വേ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
കിഴക്കൻ മേഖലയിൽ കനത്ത മഴ പെയ്താൽ ഉടൻ കുരുമ്പൻമൂഴി കോസ്‌വേ മുങ്ങുകയും 650 കുടുംബങ്ങൾ താമസിക്കുന്ന കുരുമ്പൻമൂഴി ആദിവാസി കോളനി വാസികൾ ദുരിതത്തിലാകുകയും ചെയ്യുന്നത് പതിവാണ്. ഇവരുടെ ദുരിതം അഡ്വ. പ്രമോദ് നാരായൺ എം.എൽ.എ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. പാലത്തിന്റെ രൂപരേഖ തയാറായിട്ടുണ്ട്. പാലം പണി വേഗത്തിലാക്കാൻ വേണ്ട സഹായങ്ങൾ മന്ത്രിയുടെ ഭാഗത്തുനിന്നും ഉണ്ടാകണമെന്ന് എം.എൽ.എ അഭ്യർത്ഥിച്ചു.
പെരുന്തേനരുവിയിൽ നിന്ന് വനമേഖലയിൽ കൂടി കുരുമ്പൻമൂഴിയിലേക്കുള്ള കുരുമ്പൻമൂഴി പെരുന്തേനരുവി പാതയും മന്ത്രി സന്ദർശിച്ചു. ജില്ലാ കളക്ടർ ഡോ. ദിവ്യ എസ്. അയ്യർ, പഞ്ചായത്ത് പ്രസിഡന്റുമാരായ ടി.കെ. ജയിംസ്, ബീന ജോബി, വൈസ് പ്രസിഡന്റ് നിഷ അലക്‌സ്, എൻഎച്ച്എം ഡിപിഎം. ഡോ. സി.എസ്. നന്ദിനി തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.