ഉമാമഹേശ്വരസംവാദത്തിലൂടെ രാമചരിതം തുടരുകയാണ്. രാമലക്ഷ്മണന്മാരും സീതയും ദണ്ഡകാരണ്യത്തിലേക്ക് പുറപ്പെട്ടു. ഘോരമൃഗങ്ങളും രാക്ഷസന്മാരും വസിക്കുന്ന ഇടമാണ് ദണ്ഡകവനം. വിവിധ വിഷയങ്ങൾ നിറഞ്ഞതെങ്കിലും, ബാഹ്യമായി ശാന്തതയുള്ള മനസുപോലെയാണ് ദണ്ഡകവനം. അവർ ഒരു താമരപൊയ്കയുടെ സമീപത്ത് വിശ്രമിച്ചു. അതിഭീകരനായ വിരാധൻ എന്ന രാക്ഷസൻ അവരെ ലക്ഷ്യമാക്കി വന്നു. വിരാധൻ സീതയെ ആക്രമിച്ചു. രാമന്റെ അസ്ത്രമേറ്റ് വീണ വിരാധന്റെ ശരീരത്തിൽ നിന്ന് ഒരു സുന്ദരരൂപം പുറത്തേയ്ക്ക് വന്നു. ദുർവാസാവിനാൽ ശപിക്കപ്പെട്ട് രാക്ഷസ രൂപം പൂണ്ട വിദ്യാധരൻ ആയിരുന്നു അത്. പൂർണരൂപം ലഭിച്ചതിനു രാമനെ സ്തുതിയ്ക്കുന്നു. ഇതാണ് വിരാധസ്തുതി. വിരാധൻ നമുക്ക് നേരിടേണ്ടിവരുന്ന പ്രതിസന്ധികളെ സൂചിപ്പിക്കുന്നു. പ്രതിസന്ധികൾ ജ്ഞാനത്തെ ആക്രമിക്കുന്നതിനെ കീഴ്‌പ്പെടുത്തിയാൽ നമുക്ക് വിജയിക്കാം. നാം വിവേകപൂർവ ജീവിതത്തിൽ നേരിട്ടിട്ടുള്ള എല്ലാ പ്രതിസന്ധികളെയും നമുക്ക് തരണം ചെയ്യാൻ കഴിഞ്ഞിട്ടുണ്ട്. അല്ലാത്തവ നമ്മെ ആക്രമിച്ച് കീഴ്‌പ്പെടുത്തിയിട്ടുമുണ്ട്. അതിനുശേഷം അവർ ശരഭംഗ മുനിയുടെ ആശ്രമത്തിലെത്തുന്നു. ശരഭംഗൻ എന്നവാക്കിനർത്ഥം ശ്വാസം നിയന്ത്രിച്ചവൻ എന്നാണ്. അയോദ്ധ്യയിൽ രാമൻ ജനിക്കുമ്പോൾ തനിക്ക് അവശേഷിച്ചിരുന്ന മൂന്ന് ശ്വാസങ്ങൾ നിയന്ത്രിച്ച് ശരഭംഗൻ രാമനായി കാത്തിരുന്നു. ദൃഢനിശ്ചയത്തിലൂടെ കാലത്തിന്റെ, അതായത് സമയത്തിന്റെ, നിയന്ത്രണം ഏറ്റെടുത്ത് നാം പ്രവർത്തിച്ചാൽ ലക്ഷ്യം പ്രാപ്തമാകുമെന്ന് ശരഭംഗന്റെ കഥ നമ്മെ പഠിപ്പിക്കുന്നു. ശരഭംഗന്റെ ജീവത്യാഗമറിഞ്ഞ് മറ്റ് ആശ്രമങ്ങളിൽ നിന്നുമെത്തിയ മുനിമാരിൽ നിന്നും, അഗസ്ത്യമഹർഷിയുടെ ശിഷ്യനായ സുതീഷ്ണനെപ്പറ്റി അറിഞ്ഞ അവർ സുതീഷ്ണമഹർഷിയെ സന്ദർശിക്കുന്നു. തുടർന്ന് അഗസ്ത്യാശ്രമത്തിലേക്ക് യാത്രയായി. അഗസ്ത്യർ ശിഷ്യന്മാരോടൊപ്പം രാമനേയും ലക്ഷ്മണനേയും സീതയേയും സ്വീകരിച്ച് ആചാരോപചാരങ്ങൾ നല്കി ആദരിച്ച് സൽക്കരിച്ചു. അഗസ്ത്യമഹർഷി ഒരു പെരുവിരലിന്റെയത്ര വലുപ്പം. കുടത്തിൽ നിന്ന് ജനിച്ചതിനാൽ കുംഭസംഭവൻ എന്ന്അറിയപ്പെടുന്നു. ചിരജ്ജീവിയാണ് . വിന്ധ്യാപർവതത്തിന്റെ അഹന്ത തീർത്ത് അതിന്റെ വളർച്ച സ്തംഭിപ്പിച്ചവൻ എന്ന അർത്ഥവത്തിലാണ് അഗസ്ത്യൻ എന്ന പേര്. ബ്രഹ്മാണ്ഡപുരാണത്തിൽ ഹയഗ്രീവൻ അഗസ്ത്യമഹർഷിക്ക് ഉപദേശിച്ച് കൊടുക്കുന്നതാണ് ലളിതാസഹസ്രനാമം.