പന്തളം: പന്തളം - പമ്പ കെ.എസ്.ആർ.ടി.സി. ബസ് സർവീസ് നിറുത്തലാക്കുന്ന നടപടി പുനപരിശോധിക്കണമെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ആവശ്യപ്പെട്ടു. ഗതാഗത മന്ത്രി ആന്റണി രാജുവിനെ നേരിട്ട് പരാതിയായി ജനങ്ങളുടെ ആശങ്ക അറിയിക്കുകയായിരുന്നു. ദീർഘദൂര ബസുകൾ നിറുത്തലാക്കുകയും അടൂർ ഡിപ്പോയിൽ നിന്നും ബസുകൾ ഇതര ഡിപ്പോകളിലേക്ക് മാറ്റുകയും ചെയ്യുന്ന നടപടി ഇപ്പോഴും തുടരുകയാണ്. ഈ വിഷയങ്ങൾ ഉന്നയിച്ച് ചിറ്റയം ഗോപകുമാർ നിരവധി തവണ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും വകുപ്പ് മന്ത്രിക്കും പരാതി നൽകിയിരുന്നതാണ്. ഇക്കഴിഞ്ഞ ദിവസം അടൂർ ഡിപ്പോയുടെ കീഴിലുള്ള പന്തളം ഓപ്പറേറ്റിംഗ് സെന്ററിലെ ആകെയുണ്ടായിരുന്ന പന്തളം - പമ്പ ബസും കെ.എസ്.ആർ.ടി.സി പിൻവലിച്ചിരുന്നു. നിരവധി യാത്രികർക്കും വനമേഖലയിലെ ആദിവാസി വിഭാഗക്കാർക്കും തോട്ടം തൊഴിലാളികൾക്കും തീർത്ഥാടകർക്കും അടക്കം തികച്ചും പ്രയോജനപ്രദമായിരുന്ന സർവീസാണ് നിറുത്തലാക്കിയത്. അടിയന്തരമായി സർവീസ് പുനസ്ഥാപിക്കണമെന്നും ജനങ്ങളുടെ പരാതിക്ക് പരിഹാരം കാണണമെന്നും ചിറ്റയം ഗോപകുമാർ മന്ത്രിയോട് ആവശ്യപ്പെട്ടു.