രാമന്റെ വരവിനായി കാത്തിരിക്കുകയായിരുന്ന അഗസ്ത്യർ പരമാത്മതത്വവും ത്രിഗുണ നിരൂപണവും, പ്രപഞ്ചത്തിന്റെ ഉൽപത്തി ശാസ്ത്രവും രാമന് ഉപദേശിച്ചു.പരമാത്മസ്വരൂപനായ രാമനെ സ്തുതിക്കുന്ന അഗസ്ത്യർ, പരമശിവൻ നൽകിയവില്ലും ഒരിക്കലും അമ്പുകൾ തീരാത്ത ആവനാഴിയും വാളും നൽകി അനുഗ്രഹിച്ച് പഞ്ചവടിയിലേക്ക് യാത്രയാക്കി.
പോകുന്ന വഴിയിൽ ജഡായുവിനെ കണ്ട അവർ രാക്ഷസനാണ് എന്ന് ധരിച്ച് വധിക്കാനായി ഒരുങ്ങി. ദശരഥന്റെ ബാല്യകാല സുഹൃത്തും തന്റെ ഭക്തനുമാണ് ജഡായു എന്ന് മനസ്സിലാക്കിയ രാമൻ സ്‌നേഹാലിംഗനം ചെയ്ത് തന്റെ സമീപം വസിക്കുവാൻ നിർദ്ദേശിച്ചു. അവർ പഞ്ചവടിയിലെത്തി ഗോദാവരി നദിയുടെ വടക്കേക്കരയിൽ ഒരു പർണശാല കെട്ടി അവിടെ വസിച്ചു.
ലക്ഷ്മണൻ മുക്തിമാർഗം ഉപദേശിക്കണമെന്ന് രാമനോട് അപേക്ഷിച്ചു. പരബ്രഹ്മസ്വരൂപന്റെ അംശമായി ഓരോ ജീവജാലങ്ങളിലും കുടികൊള്ളുന്ന ചൈതന്യമാണ് ജീവാത്മാവ്. അതിനാൽ ജീവാത്മാവ് ഈശ്വരൻ തന്നെയാണ്. പരമാത്മാവ് നശിക്കുന്നതല്ല. ജീവജാലങ്ങളുടെ ദേഹം നശിക്കുന്നതാണ്. ജനനജരാമരണങ്ങളെ മനസ്സിലാക്കി ഉള്ളിൽ അഹങ്കാരമില്ലാതെ സമഭാവനയോടെ പരമാത്മാവിൽ ഉറച്ച മനസോടെ ഭാര്യാപുത്രന്മാരിൽ അമിതവിധേയത്വമില്ലാതെ യാതൊന്നിലും അമിതാസക്തിയില്ലാതെ ഇഷ്ടാനിഷ്ടങ്ങളെ തുല്യതയോടെ മനസ്സിലാക്കി സന്തുഷ്ടിയോടെ വിശുദ്ധി നിറഞ്ഞ ചുറ്റുപാടിൽ ജീവിക്കണം എന്ന് രാമൻ ലക്ഷ്മണനിലൂടെ നമ്മോട് ഉപദേശിക്കുന്നു.
ഒരു ദിവസം രാവണസോദരിയായ ശൂർപ്പണഖ സുന്ദരിയായ ഒരു സ്ത്രീയുടെ രൂപത്തിൽ ആശ്രമത്തിലെത്തി. സുന്ദരനായ രാമനെ കണ്ട് ഭ്രമിച്ച അവൾ തന്റെ ഇംഗിതത്തിനു തടസ്സം സീതയാണ് എന്ന് മനസ്സിലാക്കി സീതയെ ആക്രമിച്ചു. ലക്ഷ്മണൻ വാളുകൊണ്ട് ശൂർപ്പണഖയുടെ മൂക്കും മുലകളുംഛേദിച്ചു.
തന്റെ ആഗ്രഹനിവൃത്തിക്കായി ഏത് അധർമ്മ പ്രവൃത്തി യും ചെയ്യാൻ തയ്യാറാകുന്ന ആളിന്റെ പ്രതീകമാണ് ശൂർപ്പണഖ. ധർമ്മബോധം വെടിഞ്ഞ് സ്വയം മറന്ന്, തെറ്റിന്റെയും അക്രമത്തിന്റെയും പാതയിലേക്ക് നീങ്ങുന്നവർക്ക് ഉചിതമായ ശിക്ഷ ലഭിക്കും എന്ന സൂചനയാണ് നാം ഈ കഥയിലൂടെ മനസ്സിലാക്കേണ്ടത്.