കോഴഞ്ചേരി: മഴക്കെടുതിയ്ക്കിടയിലും പൈപ്പ് തകർന്നു വെള്ളം പാഴാകുന്നത് ഉന്നത നിലവാരത്തിൽ നവീകരണം പൂർത്തിയാക്കിയ റോഡിന് ഭീഷണിയാകുന്നു. കോഴഞ്ചേരി പഞ്ചായത്ത് ഓഫീസിന് മുമ്പിലൂടെ കീഴുകര വഴി മരോട്ടിമുക്കിൽ എത്തുന്ന ആറ്റുതീര റോഡിൽ മഹാദേവർ ക്ഷേത്രത്തിന്റെ കാണിക്ക മണ്ഡപത്തിന് സമീപമാണ് പൈപ്പ് തകർച്ച റോഡിന്റെ മുകൾ ഭാഗത്ത് നിന്ന് ഒഴുകിയെത്തുന്ന വെള്ളവും മണ്ണും ഇവിടെ അടിഞ്ഞു കൂടുന്നത് ദുരിതം ഇരട്ടിയാക്കുന്നു. കഴിഞ്ഞ ദിവസം കാൽനട, ഇരുചക്രവാഹനയാത്രക്കാർ ഇവിടെ ചെളിക്കുണ്ടിൽ തെന്നി വീഴുകയും ചെയ്തു. പൈപ്പ് തകർന്നതല്ലാതെ ഓട നിർമ്മാണത്തിലുണ്ടായ അപാകതയും കൂടി ചേർന്നതോടെയാണ് വെള്ളക്കെട്ട് ഇവിടെ ദുരിതമായി മാറിയതെന്നാണ് നാട്ടുകാരുടെ ആരോപണം. പരാതിയെ തുടർന്ന് കഴിഞ്ഞ ദിവസം മരാമത്ത് റോഡ്സ് വിഭാഗം എൻജിനീയർ ഇവിടെ എത്തിയിരുന്നു. അറ്റകുറ്റപ്പണികൾക്കായി ജല അതോറിറ്റി അധികൃതർ ഇന്ന് എത്തുമെന്ന് അറിയിച്ചിട്ടുണ്ടെന്ന് സമീപവാസികൾ പറഞ്ഞു.