അടൂർ : കെ. എസ്. ആർ. ടി. സി സ്റ്റാൻഡിൽ യാത്രക്കാർക്ക് വിശ്രമിക്കുന്നതിനും പ്രാഥമിക കാര്യങ്ങൾ നിർവഹിക്കുന്നതിനുമായി നഗരസഭ തറക്കല്ലിട്ട ടേക്ക് എ ബ്രേക്ക് പദ്ധതിയുടെ നിർമ്മാണത്തിനുള്ള തടസ്സം നീങ്ങി. മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തിൽ കെ. എസ്. ആർ. ടി. സി എം. ഡി യും നഗരസഭാ ചെയർമാൻ ഡി. സജിയും നടത്തിയ ചർച്ചയെ തുടർന്നാണ് പദ്ധതി നടപ്പിലാക്കുന്നതിന് വാടക ഒഴിവാക്കി കെ. എസ്. ആർ. ടി. സി അനുമതി നൽകിയത്. 50 ലക്ഷം രൂപ ചെലവ് വരുന്ന പദ്ധതിക്ക് ആറ് മാസം മുമ്പ് തറക്കല്ലിടുകയും കെട്ടിട നിർമ്മാണത്തിന് ഹാബിറ്റാറ്റിനെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നെങ്കിലും സ്ഥലം വിട്ടുനൽകുന്നതിന് കെ. എസ്. ആർ. ടി. സി മുന്നോട്ടുവച്ച നിബന്ധനകളാണ് നിർമ്മാണം ആരംഭിക്കുന്നതിന് തടസ്സമായത്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിയുടെ നൂറുദിന കർമ്മപരിപാടികളുടെ ഭാഗമായാണ് പഴയ പ്രൈവറ്റ് ബസ് സ്റ്റാൻഡിലെ പബ്ളിക് കംഫർട്ട് സ്റ്റേഷൻ നവീകരിക്കുന്നതിനും ടേക്ക് എ ബ്രേക്ക് പദ്ധതിയുടെ ഭാഗമായി വിശ്രമ മന്ദിരം നിർമ്മിക്കുന്നതിനും തീരുമാനിച്ചത്. പഴയ കംഫർട്ട് സ്റ്റേഷൻ നിന്ന സ്ഥലമാണ് ഇതിനായി തിരഞ്ഞെടുത്തത്. സ്ഥലം തങ്ങളുടേതായതിനാൽ കെട്ടിടം നിർമ്മിച്ച് കെ. എസ്. ആർ. ടി. സി ക്ക് നൽകുകയോ, ചതുരശ്ര അടിക്ക് 35 രൂപവീതം പ്രതിമാസ വാടക നൽകുകയോ വേണമെന്നായിരുന്നു കെ. എസ്. ആർ. ടി. സിയുടെ വാദം. ഇത് അംഗീകരിക്കാൻ നഗരസഭ തയ്യാറാകാതെ വന്നതോടെയാണ് നിർമ്മാണം തടസ്സപ്പെട്ടത്.
പദ്ധതി ഇങ്ങനെ
സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേക ഇടങ്ങളിലായി 5 വീതം ടോയ്ലെറ്റുകൾ
റിസപ്ഷൻ,
ഒാരോ കുളിമുറികൾ
വസ്ത്രം മാറുന്നതിനുള്ള മുറികൾ.
യൂറിനൽ,
മുലയൂട്ടൽ മുറി
ലഘുഭക്ഷണ ശാല
ഭക്ഷണം പാകം ചെയ്യുന്നതിനുള്ള മുറി.
കെ. എസ്. ആർ. ടി. സി യുടെ തടസ്സം നീങ്ങിയതോടെ കെട്ടിടം പണി ഉടൻ ആരംഭിക്കും. സമയബന്ധിതമായി പൂർത്തിയാക്കി യാത്രക്കാർക്കായി തുറന്നുകൊടുക്കും.
ഡി. സജി,
അടൂർ നഗരസഭാ ചെയർമാൻ