കോഴഞ്ചേരി: തോട്ടപ്പുഴശേരി പഞ്ചായത്തിൽ പ്രസിഡന്റിനെതിരെയുള്ള അവിശ്വാസം ചർച്ചയ്ക്കെടുത്തില്ല. പ്രസിഡന്റായി സി.എസ്.ബിനോയി തന്നെ തുടരും. സി.പി.എം കൊണ്ടുവന്ന അവിശ്വാസ പ്രമേയ ചർച്ചയിൽ നിന്ന് ഏതാനും സി.പി.എം അംഗങ്ങളും കോൺഗ്രസ്, ബി.ജെ.പി അംഗങ്ങളും വിട്ടു നിന്നതോടെ ക്വാറം തികയാഞ്ഞതു കാരണമാണ് അവിശ്വാസം ചർച്ചയ്ക്കെടുക്കാതിരുന്നത്. ഇന്നലെ രാവിലെ 11നാണ് അവിശ്വാസം ചർച്ചചെയ്യാൻ തീരുമാനിച്ചിരുന്നത്. ചർച്ചയിൽ പങ്കെടുക്കരുതെന്ന് ഡി.സി.സി നേതൃത്വം കോൺഗ്രസ് അംഗങ്ങൾക്ക് വിപ്പ് നൽകിയിരുന്നു. 13 അംഗ ഭരണസമിതിയിൽ എൽ.ഡി.എഫ് - 5, യു.ഡി.എഫ് - 3, ബി.ജെ.പി - 3, സ്വതന്ത്രർ - 2 എന്നിങ്ങനെയാണ് കക്ഷിനില. ഭരിക്കാൻ എൽ.ഡി.എഫിനും യു.ഡി.എഫിനും ഭൂരിപക്ഷമില്ലാതിരുന്നതിനെ തുടർന്ന് സ്വതന്ത്രനായി വിജയിച്ച സി.എസ്. ബിനോയി പ്രസിഡന്റാവുകയായിരുന്നു. യു.ഡി.എഫ്, ബി.ജെ.പി കൂട്ടുകെട്ടിൽ തുടരുന്ന ഭരണം പരാജയമാണെന്നും ജനോപകാരപ്രദമല്ലെന്നും ആരോപിച്ചാണ് സി.പി.എം അവിശ്വാസത്തിന് നോട്ടീസ് നൽകിയത്.