പന്തളം:പട്ടാപ്പകൽ വീടിനുള്ളിൽ കയറി വൃദ്ധയെ കെട്ടിയിട്ട് സ്വർണവും പണവും കവർന്ന കേസിൽ സഹോദരൻമാരും അയൽവാസിയും ഉൾപ്പെടെ മൂന്നുപേർ കൂടി അറസ്റ്റിൽ.
മലയാലപ്പുഴ പത്തിശ്ശേരി താഴം ചേറാടി ലക്ഷംവീട് കോളനിയിൽ സിജി ഭവനിൽ സുഗുണൻ (സിജു -28) ഇയാളുടെ അനുജൻ സുനിൽ രാജേഷ് (25) , തോന്നല്ലൂർ, ആനന്ദവിലാസം വീട്ടിൽ എസ്.ആദർശ് (30) എന്നിവരാണ് അറസ്റ്റിലായത്. ഒന്നാം പ്രതി തോന്നല്ലൂർ ഉളമയിൽ റാഷിക്ക് (19) നേരത്തെ അറസ്റ്റിലായിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയ്ക്ക് 12ന് കടയ്ക്കാട് വടക്ക് പനാറയിൽ പരേതനായ അനന്തൻ പിള്ളയുടെ ഭാര്യ എസ്. ശാന്തകുമാരിയുടെ വീട്ടിലാണ് കവർച്ച നടത്തിയത്. ക്ഷേത്രത്തിലെ സദ്യക്ക് വാഴയില വെട്ടുന്നതിന് എത്തിയതാണന്ന് പറഞ്ഞുവന്ന യുവാക്കൾ ശാന്തകുമാരിയെ കെട്ടിയിട്ട്' 4പവൻ സ്വർണവും 8000 രൂപയുമാണ് കവർന്നത്
നൂറനാട്, അടൂർ, ആറന്മുള, പത്തനംതിട്ട, റാന്നിപെരുനാട്, ചിറ്റാർ, കോട്ടയം പൊലീസ് സ്റ്റേഷനുകളിലെ നിരവധി കേസുകളിൽ പ്രതിയാണ് സിജു. വിവിധ കേസുകളിൽ ജയിൽ ശിക്ഷയും അനുഭവിച്ചിട്ടുണ്ട്. സുനിൽ രാജേഷ് ജൂവനൈൽ ഹോമിൽ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട് .
റാഷിക്ക് വെള്ളം ചോദിച്ച് ശാന്തകുമാരിയുടെ വീട്ടിൽ കയറിയ ശേഷം പുറത്തേക്കുപോയി വഴിയരികിൽ കവാൽനിന്നു. ആദർശ് കവർച്ചയ്ക്ക് ശേഷം ഇരുവരെയും ബൈക്കിൽ റാന്നിയിൽ എത്തിക്കുകയായിരുന്നു. ജയിലിൽ വച്ചാണു റാഷിക്കും രണ്ടും മൂന്നും പ്രതികളും പരിചയപ്പെടുന്നത്. റാഷിക്ക് അറിയിച്ചതനുസരിച്ചാണ് ഇവർ പന്തളത്ത് എത്തിയത്. നേരത്തെ പ്രതികൾ ചേർന്ന് ഇവിടെ കവർച്ചയ്ക്കു ശ്രമിച്ചെങ്കിലും നടന്നില്ല. അന്ന് സമീപത്തെ അച്ചൻകോവിലാറ്റിലെ കടവിലെത്തി മദ്യപിച്ചു മടങ്ങുകയായിരുന്നു. അതിഥിത്തൊഴിലാളികളുടെ പണം മോഷ്ടിച്ച കേസിൽ റാഷിക്ക് മുമ്പ് ജയിൽവാസം അനുഭവിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. റാന്നിയിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു സിജുവും സുനിലും. മോഷ്ടിച്ച സ്വർണാഭരണങ്ങൾ സ്വകാര്യ ബാങ്കുകളിൽ പണയം വച്ചു. ബാക്കി വന്ന സ്വർണം വാര്യാപുരത്തെ മാർവാഡിക്ക് വിറ്റതായും പൊലീസ് പറഞ്ഞു. കിട്ടിയ പണം ചെലവാക്കി. പണയം വച്ച ഒരു വളയും മോതിരവും തെക്കേമലയിലെ ബാങ്കിൽ നിന്ന് പൊലീസ് കണ്ടെടുത്തു. .
പ്രതികളായ സുഗുണനെയുംസുനിലിനെയും ഇന്നലെ വൈകിട്ട് ശാന്തകുമാരിയുടെ വീട്ടിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. ..ജില്ലാ പൊലീസ് മേധാവി ആർ.നിശാന്തിനി, അടൂർ ഡിവൈ.എസ്.പി.ആർ.ബിനു,പന്തളം എസ്എച്ച്.ഒ എസ്. ശ്രീകുമാർ , എസ്.ഐമാരായ ബി.എസ്. ശ്രീജിത്, സി.കെ.വേണു , സി.പി.ഒമാരായ വി.എസ്.ശരത് എസ്, കൃഷ്ണദാസ് ,ജി.അജിത്ത്.ജി.മനോജ്, സന്ദീപ്, ജി.സുധാഷ്, രാജേഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റു ചെയ്തത്.