റാന്നി: പത്തനംതിട്ട ജനറൽ ആശുപത്രിയിൽ സ്ഥാപിക്കുന്ന ഓക്‌സിജൻ പ്ലാന്റിനായി കർണ്ണാടകയിൽ നിന്നും വലിയ വാഹനത്തിൽ റാന്നിയിൽ എത്തിച്ച മെഷിനറികൾ പൊലീസ് തടഞ്ഞു. ഗതാഗത തടസം ഉണ്ടാകുമെന്ന് മുൻകരുതൽ പരിഗണിച്ചാണ് പൊലീസ് വാഹനം തടഞ്ഞത്. പ്ലാന്റുകളുമായി എത്തിയ നീളം കൂടിയ വാഹനം ഇന്നലെ രാവിലെ സ്വകാര്യ ബസ് സ്റ്റാൻഡിലേക്ക് പാർക്ക് ചെയ്യിച്ചു. വളവുകളും മറ്റും തിരിയാൻ തന്നെ പ്രയാസമുള്ള വലിയ വാഹനത്തിലാണ് പ്ലാന്റുകൾ എത്തിച്ചത്. പകലത്തെയും വൈകുന്നേരത്തെയും വാഹനത്തിരക്കൊഴിഞ്ഞാൽ രാത്രിയോടെ വാഹനം പത്തനംതിട്ടയിലേക്ക് വിടാനാണ് പൊലീസ് ഉദ്ദേശിച്ചത്. പുനലൂർ- മൂവാറ്റുപുഴ റോഡിൽ നിർമ്മാണ ജോലികൾ നടക്കുന്നതിനാൽ പ്ലാന്റ് ഉൾക്കൊള്ളുന്ന ഇത്ര വലിയ വാഹനം തിരക്കുള്ളപ്പോൾ കടന്നുപോകുന്നത് വലിയ പ്രതിസന്ധിയുണ്ടാക്കുമെന്ന് പൊലീസ് പറഞ്ഞു.