മല്ലപ്പള്ളി : തോരാത്ത മഴമൂലം മണിമലയാർ ഇരുകരമുട്ടി ഒഴുകുമ്പോൾ കാർഷിക മേഖലയായ മല്ലപ്പള്ളിയിലെ കർഷകരുടെ നെഞ്ചിടിപ്പ് വർദ്ധിപ്പിച്ചിരിക്കയാണ്. 2018, 2019 വർഷങ്ങളിലെ പ്രളയകാലത്ത് കൃഷിനാശം സംഭവിച്ച ആനിക്കാട്, മല്ലപ്പള്ളി, കല്ലൂപ്പാറ തുടങ്ങിയ പഞ്ചായത്തുകളിലെ കർഷകരാണ് കാലവർഷം വീണ്ടും കടക്കെണിയിലേക്ക് തള്ളിവിടുമോയെന്ന് ആശങ്കപ്പെടുന്നത്. കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പും തോരാത്തമഴയും ഓണവിപണിവരെ കാക്കാതെ പലയിടത്തും വിളവെടുപ്പ് ആരംഭിച്ചിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളിലെ കപ്പ, ഏത്തവാഴ തുടങ്ങിയവയാണ് ആദ്യഘട്ടത്തിൽ വിപണിയിൽ എത്തിക്കുന്നത്. കാലംതെറ്റിയുള്ള കാലവർഷത്തിൽ ചതിപറ്റെരുതെന്ന് കരുതുന്ന പച്ചക്കറി കർഷകരും ഭീതിയിലാണ്. സ്വന്തംപുരയിടത്തിലും പാട്ടപുരയിടത്തിലും ലോണെടുത്തും ധനവും അദ്ധ്വാനവും മുതലിറക്കിയവർ വലിയ നഷ്ടം സംഭവിക്കാതിരിക്കാൻ ഉള്ളതെങ്കിലും വിറ്റ് മുതലാക്കാമെന്ന നിലയാണ് കൈക്കൊണ്ടിട്ടുള്ളത്.