s

കോന്നി : കോന്നി മാതൃകാ ടൂറിസം പദ്ധതിയുടെ ഭാഗമായി പ്രമാടം പഞ്ചായത്തിലെ വി. കോട്ടയം നെടുംപാറ മലയിൽ റോക് പാർക്ക് തുടങ്ങാനുള്ള നടപടികൾ പുരോഗമിക്കുന്നു. അഡ്വ. കെ.യു. ജനീഷ് കുമാർ എം.എൽ.എ, പ്രമാടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ. നവനിത്ത് , കോന്നി ടൂറിസം വികസത്തിന് മാസ്റ്റർ പ്ളാൻ തയ്യാറാക്കുന്ന വിശ്വസഞ്ചാരി സന്തോഷ് ജോർജ്ജ് കുളങ്ങര എന്നിവരുടെ നേതൃത്വത്തിലുള്ള വിദഗ്ദ്ധ സംഘം ഇവിടം സന്ദർശിച്ചാണ് പദ്ധതി തയ്യാറാക്കിയത്. നെടുംപാറയുടെ സൗന്ദര്യത്തിന്റെ സാദ്ധ്യതകൾ പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യം.

കല്ലിൽ തീർത്ത ആനയുടെ ശില്പത്തിനുള്ളിലൂടെയായിരിക്കും പാർക്കിലേക്ക് കടന്നുവരാൻ കഴിയുക. രണ്ട് പാറകളെ തമ്മിൽ ബന്ധിപ്പിക്കുന്ന തൂക്കുപാലം, കല്ലിന്റെ ബോർഡിൽ കുട്ടികൾക്ക് ചോക്ക്, പെയിന്റ് എന്നിവ ഉപയോഗിച്ച് രചനകൾ നടത്താനുള്ള സൗകര്യം, കൽ ശില്പങ്ങളുടെ വിൽപന, ശിൽപ്പങ്ങളുടെ ആർട്ട് ഗാലറി, പ്രകൃതിയോടിണങ്ങി കുട്ടികൾക്ക് മണ്ണിൽ കളിക്കാനുള്ള സൗകര്യം, കളിമൺപാത്രങ്ങളും ശില്പ ങ്ങളും നിർമ്മിച്ച് പ്രദർശനം, കുട്ടികൾക്കും മുതിർന്നവർക്കും റോപ്പ് ഉപയോഗിച്ച് സുരക്ഷിതമായി പാറയുടെ ചരിവുകളിലൂടെ കയറുന്നതിനുള്ള സൗകര്യം, വിശ്രമ സൗകര്യങ്ങൾ,നെടുംപാറയുടെ താഴ്ഭാഗത്ത് ബോട്ടിംഗ് സൗകര്യം,പ്രാദേശിക വിഭവങ്ങൾ വിതരണം ചെയ്യുന്ന ഈ​റ്ററി സോൺ എന്നിവയാണ് നിർദ്ദേശിക്കപ്പെട്ട പദ്ധതികൾ.

നെടുംപറ മലയിൽ ടൂറിസം പദ്ധതി തുടങ്ങുന്നതോടെ പ്രമാടം ഗ്രാമത്തിന്റെ വികസനവും സാദ്ധ്യമാകും. നിരവധി ആളുകൾക്ക് പ്രത്യക്ഷമായും പരോക്ഷമായും തൊഴിൽ ലഭിക്കും. പ്രകൃതിയെ സംരക്ഷിച്ചുള്ള വികസനമാണ് നടപ്പാക്കുന്നത്.

അഡ്വ. കെ.യു. ജനീഷ് കുമാർ എം.എൽ.എ