കടമ്പനാട് : ജീവിതം കരുപിടിപ്പിക്കാൻ മാസ്ക്കും തുണിസഞ്ചിയുമായി അതിജീവനത്തിന്റെ ബദലുകൾ തേടുകയാണ് കുടുംബശ്രീയുടെ കീഴിലുള്ള ഏനാത്ത് വർണം ടെയ്‌ലറിംഗ് യൂണിറ്റിലെ സഹോദരിമാർ. അഞ്ച് വനിതകളാണ് യൂണിറ്റിന് നേതൃത്വം നൽകുന്നത്. യൂണിറ്റിൽ നിന്ന് തുണിത്തരങ്ങൾ വാങ്ങി തയ്ച്ച് ഇവിടെ തന്നെ തിരിച്ചു നൽകി വേറെ ഇരുപത് വനിതകളും ഉപജീവനമാർഗം കണ്ടെത്തിയിരുന്നു. കൊവിഡിനെ തുടർന്ന് വലിയ പ്രതിസന്ധിയാണ് രൂപപ്പെട്ടത്. എന്നാൽ പിൻതിരിയൻ ഇവർ ഒരുക്കമായില്ല.
ലോക്ക് ഡൗണിൽ മാസ്കും തുണിസഞ്ചിയും തയ്ച്ച് മികച്ച വരുമാനം കണ്ടെത്തി. കുടുംബശ്രീ ജില്ലാ മിഷൻ വഴി സപ്ളൈക്കോയ്ക്ക് ഇവരുടെ തുണിസഞ്ചികളും മാസ്കും നൽകി. എന്നാൽ പ്രാദേശിക തലത്തിൽ വിപണി കണ്ടെത്താൻ ഏറെ പണിപെട്ടു. നിലവാരം കുറഞ്ഞ തുണിയിൽ നിർമ്മിച്ച സഞ്ചിയും മാസ്കും അന്യസംസ്ഥാനങ്ങളിൽ നിന്നെത്തുന്നതാണ് പ്രദേശിക വിപണിയിലെ തടസത്തിന് കാരണമെന്ന് അംഗങ്ങൾ പറയുന്നു. ഏഴു വർഷം മുൻപാണ് ടെയ്ല റിംഗ് യൂണിറ്റ് പ്രവർത്തനം ആരംഭിക്കുന്നത്. നല്ല രീതിയിൽ പ്രവർത്തിച്ചിരുന്ന നാളിൽ എല്ലാവർക്കും മികച്ച വരുമാനം ലഭിച്ചിരുന്നു. കൊവിഡ് പിടിമുറുക്കിയതോടെ വലിയ തിരിച്ചടിയാണ് ഉണ്ടായത്. പ്രതിസന്ധി കാലം കടക്കുംവരെ മാസ്കും തുണിസഞ്ചിയുമൊക്കെ കൂടുതലായി നിർമ്മിച്ച് അതിജീവനത്തിനുള്ള ശ്രമമാണ് നടത്തുന്നത്.