ശൂർപ്പണഖ തന്റെ സഹോദരൻ ഖരനെ വിവരങ്ങൾ അറിയിച്ചു. ഖരൻ തന്റെ ശക്തരായ പതിനാല് അനുചരന്മാരെ രാമനെ നേരിടുന്നതിനായി അയച്ചു. രാമൻ എല്ലാവരേയും വധിച്ചു. ഇതറിഞ്ഞ് ദൂഷണൻ, ത്രിശിരസ് എന്നിവരോടൊപ്പം ധാരാളം രാക്ഷസരെക്കൂട്ടി യുദ്ധത്തിനെത്തി. യുദ്ധത്തിൽ രാമൻ എല്ലാ രാക്ഷസന്മാരെയും വധിച്ചു. വിവരമറിഞ്ഞ് സന്തുഷ്ടരായ താപസന്മാർ രാമന് അംഗുലീയം, സീതയ്ക്ക് ചൂഢാരത്‌നം, ലക്ഷ്മണന് കവചം എന്നിവ നൽകി.
ശൂർപ്പണഖ രാവണന്റെ സമീപമെത്തി വിവരങ്ങൾ ധരിപ്പിച്ചു. വനത്തിൽ രാമലക്ഷ്മണന്മാരെയും സീതയെയും കണ്ടതായും, ലക്ഷ്മീദേവിയെക്കാളും, സരസ്വതീദേവിയെക്കാളും, പാർവതീദേവിയേക്കാളും സുന്ദരിയായ സീതയെ അങ്ങേയ്ക്കുവേണ്ടി കൂട്ടിക്കൊണ്ടുവരാൻ ശ്രമിച്ചപ്പോഴാണ് ലക്ഷ്മണൻ തന്നെ ആക്രമിച്ചതെന്നും രാവണനെ ധരിപ്പിച്ചു. സീതയുടെ സൗന്ദര്യത്തെപ്പറ്റി വർണ്ണിച്ചത് കേട്ട രാവണൻ എങ്ങനെയും സീതയെ സ്വന്തമാക്കണം എന്ന് തീരുമാനിച്ചു.
രാവണന്റെ അമ്മാവനായ രാക്ഷസനാണ് മാരീചൻ. രാവണന്റെ നിർദ്ദേശാനാനുസരണം സ്വർണവർണമുള്ള ഒരു മാനായി ചെന്ന് സീതയെ മോഹിപ്പിക്കുന്നു. സീതാദേവി ആ മാനിനെ പിടിച്ചുനൽകണമെന്ന് രാമനോട് അപേക്ഷിച്ചു. മാനിന്റെ പിന്നാലെ പോകുന്ന രാമൻ ആശ്രമത്തിൽ നിന്ന് വളരെ ദൂരത്തെത്തി. അവസാനം മാരീചൻ, " ലക്ഷ്മണാ എന്റെ സോദരാ എന്നെ രക്ഷിയ്ക്കൂ " എന്ന് രാമന്റെ സ്വരത്തിൽ നിലവിളിച്ചു. ഈ നിലവിളി കേട്ട് സീതാദേവി രാമനെ രക്ഷിക്കണമെന്ന് ലക്ഷ്മണനോട് ആവശ്യപ്പെട്ടു. രാമന് അങ്ങനെ സംഭവിക്കുകയില്ല, ഇത് രാക്ഷസന്റെ ചതിയാണ് എന്നുപറയുന്ന ലക്ഷ്മണനെ സീതാദേവി ഭത്സിച്ചു. മനസ്സില്ലാമനസ്സോടെ രാമനെ അന്വേഷിച്ച് ലക്ഷ്മണൻ പോകുന്നു.
എത്ര അറിവുള്ളവരായാലും പ്രിയപ്പെട്ടവരാണെങ്കിലും, ചിലപ്പോൾ വളരെ പരുഷമായി പെരുമാറിയെന്നുവരാം. അവയൊക്കെ പ്രത്യേക സാഹചര്യം കൊണ്ടാവാം എന്നുകരുതി ക്ഷമയോടെ അനുഭാവപൂർവം പ്രവർത്തിച്ചാൽ പിന്നീടുണ്ടാകാവുന്ന പല പ്രശ്‌നങ്ങളും ഒഴിവാക്കാമെന്ന് ലക്ഷ്മണനോട് പരുഷമായി സംസാരിക്കുന്ന സീതയുടെ അനുഭവം നമുക്ക് മനസ്സിലാക്കിത്തരുന്നു.