തിരുവല്ല: പുത്തൻ താരോദയങ്ങളുടെ ഒളിമ്പിക്സിന്റെ നാളുകളിലും ആരവങ്ങളില്ലാതെ തിരുവല്ല പബ്ലിക് സ്റ്റേഡിയം അവഗണനയുടെ പടുകുഴിയിൽ. ഒട്ടേറെ കായിക താരങ്ങളെ വളർത്തിയെടുത്ത പബ്ലിക് സ്റ്റേഡിയമാണ് ഉയിർത്തെഴുനേൽപ്പ് കാത്തിരിക്കുന്നത്. നഗരമദ്ധ്യത്തിലായി പത്തേക്കറോളം വിസ്തൃതിയുള്ള സ്റ്റേഡിയമാകെ പുല്ലും കാടും വളർന്നു നാശോന്മുഖമായി. വെള്ളക്കെട്ട് കാരണം ട്രാക്കുകൾ ഉപയോഗിക്കാൻ കഴിയാത്തവിധമായി. കൊവിഡ് കാലമായതിനാൽ വിവിധ അസോസിയേഷനുകൾ കുട്ടികൾക്കായി നടത്തിയിരുന്ന പരിശീലനങ്ങളും ഇല്ലാതായി. വ്യക്തിഗത പരിശീലനങ്ങൾക്കും സ്റ്റേഡിയം ഉപയോഗിക്കാൻ ആരുമില്ല. മറ്റിടങ്ങൾ തേടി അലയുകയാണ് കായിക വിദ്യാർത്ഥികൾ. സ്റ്റേഡിയത്തിന്റെ പവിലിയനിലും കാര്യമായ സൗകര്യമില്ല. ജേഴ്സി അണിയാൻ പോലും പവലിയനിൽ പരിമിതമായ സൗകര്യങ്ങളേയുള്ളൂ. ശൗചാലയങ്ങളും വേണ്ടത്രയില്ല. നിലവിലെ സ്റ്റേഡിയത്തിന്റെ സ്ഥിതി കായികപ്രേമികളെ ദു:ഖത്തിലാക്കിയിരിക്കുകയാണ്.

തണ്ണീർത്തടമായി പബ്ലിക് സ്റ്റേഡിയം
ചുറ്റുപാടും റോഡുകളും മറ്റു സ്ഥാപനങ്ങളും ഉയർന്നതോടെ മഴക്കാലത്ത് വെള്ളമെല്ലാം സംഭരിക്കുന്ന കേന്ദ്രമായി തിരുവല്ല പബ്ലിക്ക് സ്റ്റേഡിയം മാറി. 1992ൽ രഞ്ജി ട്രോഫി അടക്കമുള്ള ഒട്ടേറെ ക്രിക്കറ്റ് മത്സരങ്ങൾക്കും ഫുട്ബോൾ ടൂർണമെന്റുകൾക്കും വേദിയായി സ്റ്റേഡിയം. മഴ തുടരുന്നതിനാൽ വെള്ളം വലിയാതെ സ്റ്റേഡിയത്തിന്റെ പലഭാഗത്തും കെട്ടിക്കിടക്കുന്നു. ജലനിർഗമന മാർഗങ്ങൾ പലതും അടഞ്ഞതിനാൽ കെട്ടിക്കിടക്കുന്ന വെള്ളം ഒഴുകിപ്പോകാതെ കൂത്താടികളും ഇവിടെ പെരുകി വരികയാണ്. വെള്ളമൊഴുകി മാറാനുള്ള സംവിധാനങ്ങളില്ലാത്തതാണ് പ്രധാന പ്രശ്നം.

പ്രതീക്ഷ മങ്ങിയിട്ടില്ല

കഴിഞ്ഞ ജനുവരിയിൽ നഗരസഭയുടെ നേതൃത്വത്തിൽ നടത്തിയ സർവക്ഷിയോഗം സ്റ്റേഡിയത്തിന്റെ വികസനം സാദ്ധ്യമാക്കുമെന്ന പ്രതീക്ഷയിലാണ്. പിന്നീട് യോഗങ്ങളൊക്ക നടന്നെങ്കിലും ഫണ്ടിന്റെ അപര്യാപ്തത മുന്നിട്ടുനിൽക്കുന്നു. സ്റ്റേഡിയത്തിലെ വടക്കുകിഴക്ക് ഭാഗത്തെ താഴ്ന്ന സ്ഥലങ്ങൾ സമനിരപ്പാക്കും. ഡ്രയിനേജ് സംവിധാനം കാര്യക്ഷമമാക്കുകയും പൊട്ടിപ്പൊളിഞ്ഞ ഗാലറിയുടെ അറ്റകുറ്റപ്പണികൾ നടത്താനുമാണ് പ്രധാനശ്രദ്ധ പുലർത്തേണ്ടത്.

....................

നാലുഘട്ടമായി സ്റ്റേഡിയം വികസനം സാദ്ധ്യമാക്കും. ഇതിനുള്ള പ്രാരംഭ നടപടികൾ പുരോഗമിക്കുകയാണ്. ഫണ്ട് കണ്ടെത്താനായി എം.പി, എം.എൽ.എ എന്നിവരുടെ സഹായത്തോടെ പദ്ധതി നടപ്പാക്കാനാകും.


ഡോ. റെജിനോൾഡ് വർഗീസ്
(നഗരസഭാ കൗൺസിലർ,

കായികാദ്ധ്യാപകൻ)

.....................

- സ്റ്റേഡിയത്തിന് 10 ഏക്കർ വിസ്തൃതി