അടൂർ : ടാങ്കറുകളിൽ ശേഖരിച്ചുകൊണ്ടുവരുന്ന കക്കൂസ് മാലിന്യം പന്നിവിഴ, ആനന്ദപ്പള്ളി പ്രദേശങ്ങളിൽ തള്ളുന്നത് പതിവാകുന്നു. നഗരസഭ ആറാംവാർഡിലെ ഒാൾ സെയിന്റ്സ് സ്കൂളിന് സമീപമുള്ള തോട്ടിൽ നിരവധിതവണയാണ് രാത്രിയിൽ മാലിന്യം തള്ളിയത് . വാർഡ് കൗൺസിലർ കൂടിയായ നഗരസഭാ ചെയർമാൻ ഡി. സജിയുടെ നേതൃത്വത്തിൽ ദിവസങ്ങൾക്ക് മുമ്പ് ഒരു സംഘം ആളുകൾ രാത്രിയിൽ പതിയിരുന്ന് മാലിന്യവുമായി എത്തിയ ചഞ്ചൽ എന്ന ടാങ്കറും ഡ്രൈവർ ഉൾപ്പെടെയുള്ളവരെയും പിടികൂടി പൊലീസിന് കൈമാറിയിരുന്നു. പഴകുളം കേന്ദ്രീകരിച്ചുള്ള സംഘമാണ് മാലിന്യം തള്ളുന്നതിന് പിന്നിലെന്നാണ് നാട്ടുകാരുടെ ആരോപണം. ഞായറാഴ്ച രാത്രിയിൽ

ആനന്ദപ്പള്ളി കല്ലേത്തു പടിയിൽ ചിറക്കരോട്ടെ റബർ പുരയിടത്തിലും കക്കൂസ് മാലിന്യം തള്ളി. ഇൗ പ്രദേശത്ത് സാമൂഹ്യവിരുദ്ധശല്യം രൂക്ഷമാണ്. നടപടി സ്വീകരിക്കണമെന്ന് ഡി. വൈ. എഫ്. ഐ ആനന്ദപ്പള്ളി യൂണിറ്റ് ആവശ്യപ്പെട്ടു.