കോഴഞ്ചേരി : പഞ്ചായത്ത് സ്‌റ്റേഡിയത്തിൽ കൊവിഡ് വാക്സിനേഷൻ കേന്ദ്രമായി പ്രവർത്തിക്കുന്ന കമ്യൂണിറ്റി ഹാളിന്റെ ചോർച്ച പരിഹരിക്കുന്നതിനുള്ള നടപടികൾ ഇന്നലെ ആരംഭിച്ചു. മഴക്കെടുതിയിൽ മേൽക്കൂരയിലെ ഷീറ്റുകൾ നശിച്ചതിനെ തുടർന്ന് ഹാളിനുള്ളിൽ മഴവെള്ളം വീഴുന്നത് വാക്സിൻ സ്വീകരിക്കാനെത്തുന്നവർക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. ഏതാനും ദിവസം മുമ്പ് പ്രായാധിക്യമുള്ള രണ്ട് പേർ ടൈലിലെ വെള്ളത്തിൽ തെന്നി വീഴുകയും ചെയ്തു. അപകട സാദ്ധ്യത മുന്നിൽ കണ്ടാണ് പഞ്ചായത്ത് ഭരണസമിതി യോഗം ചേർന്ന് മേൽക്കൂരയിലെ അറ്റകുറ്റപ്പണി വേഗം നടത്താൻ തീരുമാനിച്ചത്. 30,000 രൂപ ചെലവിലാണ് ഷീറ്റുകൾ മാറിയിടുന്നത്. വാക്സിനേഷൻ വിതരണം ഇല്ലാതിരുന്നതിനാലാണ് ഇന്നലെ പുനരുദ്ധാരണ ജോലികൾ ആരംഭിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് ജിജി വർഗീസ്, അംഗം സാലി ഫിലിപ്പ് എന്നിവർ നേതൃത്വം നൽകി. കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ നിന്ന് മൂന്ന് മാസങ്ങൾക്ക് മുമ്പാണ് വാക്സിനേഷൻ കേന്ദ്രം ഇവിടേക്ക് മാറ്റിയത്.