മല്ലപ്പള്ളി : ഭക്ഷ്യസുരക്ഷ നേടാൻ കുട്ടികൾക്ക് തങ്ങളുടേതായ പങ്ക് നിർവഹിക്കുവാൻ കഴിയുമെന്ന് പത്തനംതിട്ട കൃഷി വിജ്ഞാന കേന്ദ്രം ചെയർമാൻ തോമസ് മാർ തിമഥെയോസ് എപ്പിസ്‌ക്കോപ്പാ പറഞ്ഞു. ജില്ലാ കൃഷി വിജ്ഞാന കേന്ദ്രം സ്‌കൂൾ കുട്ടികൾക്കായി നടത്തുന്ന മുകുളം പദ്ധതിയുടെ 12-ാം വർഷത്തെ പ്രവർത്തനോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. കാർഡ് ഡയറക്ടർ റവ.ഏബ്രഹാം പി. വർക്കി അദ്ധ്യക്ഷത വഹിച്ചു. കൃഷി വിജ്ഞാന കേന്ദ്രം മേധാവി ഡോ. സി.പി. റോബർട്ട് മുഖ്യപ്രഭാഷണം നടത്തി. നടീൽ വസ്തുക്കളുടെ വിതരണോദ്ഘാടനം കാർഷിക വികസന കർഷകക്ഷേമ വകുപ്പ് ഡപ്യൂട്ടി ഡയറക്ടർ ജോർജ്ജി കെ.വർഗീസ് നിർവഹിച്ചു. തിരുവല്ല ജില്ലാ വിദ്യാഭ്യാസ ഓഫീസർ പി.ആർ പ്രസീന, കാർഷിക വികസന കർഷകക്ഷേമ വകുപ്പ് അസി. ഡയറക്ടർ സി.അമ്പിളി, മുകുളം പദ്ധതി ചെയർമാൻ വിനോദ് മാത്യു, നോഡൽ ഓഫീസർ ഡോ. ഷാനാ ഹർഷൻ എന്നിവർ പ്രസംഗിച്ചു. മുകുളം പദ്ധതിയുടെ ഭാഗമായി കുട്ടിക്കർഷക മത്സരത്തിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് പോഷകത്തോട്ട നിർമ്മാണത്തിന് ആവശ്യമായ സാങ്കേതിക സഹായം ലഭ്യമാക്കും. കൂടാതെ ഓൺലൈൻ പരിശീലനങ്ങളും സംഘടിപ്പിക്കും. ഇതോടൊപ്പം മാലിന്യസംസ്‌കരണം, മഴവെള്ള സംഭരണം, കോഴിവളർത്തൽ, അക്വാപോണിക്‌സ്, മൈക്രോഗ്രീൻ, കാർഷിക വിഭവങ്ങളുടെ മൂല്യവർദ്ധനവ്, തേനീച്ച വളർത്തൽ തുടങ്ങിയവയിൽ പരിശീലനങ്ങൾ, സെമിനാറുകൾ, മത്സരങ്ങൾ തുടങ്ങിയവ സംഘടിപ്പിക്കും. വിജയികൾക്ക് 5000 രൂപാ കാഷ് അവാർഡും, ജോസഫ് മാർത്തോമ്മാ എവർറോളിംഗ് ഗ്രീൻ ട്രോഫിയും, പ്രശംസാപത്രവും സമ്മാനിക്കും. 2000 രൂപയും, 1000 രൂപയും പ്രശംസാപത്രവും യഥാക്രമം രണ്ടും മൂന്നും സ്ഥാനം ലഭിക്കുന്നവർക്ക് സമ്മാനിക്കും. ജില്ലയിലെ 10 സ്‌കൂളുകളെയാണ് പദ്ധതിയിലേക്ക് തിരഞ്ഞെടുത്തിരിക്കുന്നത്.