ചിറ്റാർ : വയ്യാറ്റുപുഴ ജനവാസ മേഖലയിൽ തിങ്കളാഴ്ച രാവിലെ കാട്ടാനയിറങ്ങി. ആനപ്പാറ മലയിൽ ആനകൾ തമ്പടിച്ചിട്ടുണ്ടെന്ന് വനപാലകരെ വിവരമറിയിച്ചതിനെ തുടർന്ന് തണ്ണിത്തോട് ഫോറസ്റ്റ് സ്റ്റേഷനിൽ നിന്നും വനപാലകർ സ്ഥലത്തെത്തി വെടിയുതിർത്തു. ആനകൾ കാട്ടിലേക്ക് മടങ്ങിയിട്ടില്ലെന്നാണ് നാട്ടുകാരുടെ പരാതി. കാട്ടാനയുടെ ശല്യം പതിവായതോടെ പ്രദേശത്തുള്ളവർ ഭീതിയിലാണ്. ഒരാഴ്ച്ചക്ക് മുൻപ് സമാനമായി നീലിപിലാവിന് സമീപം കാട്ടാന ജനവാസ മേഖലയിൽ എത്തി യുവാവിനെ ഉപദ്രവിച്ചിരുന്നു. പരിക്കേറ്റ ഇദ്ദേഹത്തെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓരോ തവണയും ആന ഇറങ്ങുമ്പോൾ ഏക്കർ കണക്കിന് കൃഷി ഭൂമിയാണ് നശിപ്പിക്കുന്നത്. ആനകളെ തുരത്തുന്നതിനു വനപാലകർ കർശന നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെയും, കർഷകരുടെയും ആവശ്യം. കൃഷിയിടങ്ങൾ കേന്ദ്രീകരിച്ചുള്ള ചെറുകാടുകളാണ് ആനകൾ തമ്പടിക്കാനുള്ള കേന്ദ്രമാക്കുന്നത്. വയ്യാറ്റുപുഴ പോത്തിനിക്കൽ രവിയുടെ കൃഷിയിടത്തിലെ വിളവായ വാഴകളും നശിപ്പിച്ചു.