പത്തനംതിട്ട: അന്താരാഷ്ട്ര വിപണിയിൽ ഏറെ ആവശ്യക്കാരുള്ള ഉയർന്ന നിലവാരത്തിലെ മയക്കുമരുന്നുമായി യുവാവ് എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡിന്റെ പിടിയിലായി. 'മാക്‌സ് ജെല്ലി എക്സ്റ്റസി' എന്നറിയപ്പെടുന്ന ഒരു ഗ്രാമിനടുത്തു വരുന്ന എം.ഡി.എം.എ. യും നൈട്രോ സപാം ഗുളികകളുമായി ആദിക്കാട്ടുകുളങ്ങര കണ്ടിലേത്ത് വീട്ടിൽ ഷെൽജൂത്താണ് (23) അറസ്റ്റിലായത്. അടൂർ കെ.പി റോഡിലെ ബേക്കറി ഹോട്ടൽ പരിസരത്തു നിന്നാണ് ഇയാളെ പിടികൂടിയത്. . ഒപ്പമുണ്ടായിരുന്ന നാലു പേർ ഓടി രക്ഷപ്പെട്ടു. അടൂരിൽ ഇത്തരം മയക്കു മരുന്നുകൾ വിതരണം ചെയ്യുന്ന ഒരു സംഘം പ്രവർത്തിക്കുന്നതായി എക്‌സൈസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ രണ്ടു മാസമായി ഇന്റലിജൻസ് വിഭാഗം തീവ്ര അന്വേഷണത്തിലായിരുന്നു. തിങ്കളാഴ്ച രാത്രി പത്തരയ്ക്ക് കാറിൽ നിന്നാണ് പ്രതിയെ എക്‌സൈസ് സംഘം പിടികൂടിയത്. കാറിലെ പിൻസീറ്റിൽ ഒളിപ്പിച്ച നിലയിലായിരുന്നു മരുന്നുകൾ. കാറിൽ ഒരു വളർത്തു നായയും മാരകായുധങ്ങളും ഉണ്ടായിരുന്നു. ഓടി രക്ഷപ്പെട്ടവരുടെ കൈവശവും മാരകായുധങ്ങൾ ഉണ്ടായിരുന്നതായി എക്‌സൈസ് അധികൃതർ പറഞ്ഞു. എക്‌സൈസ് സെപ്ഷ്യൽ സ്‌ക്വാഡ് സി.ഐ ഷിജു, എക്‌സൈസ് ഇന്റലിജൻസ് വിഭാഗം പ്രിവന്റീവ് ഓഫീസർമാരായ മനോജ് കുമാർ, ഹരീഷ് കുമാർ,സിവിൽ എക്‌സൈസ് ഓഫീസർമാരായ വിമൽ, ബിനു വർഗീസ്, രാജേഷ്, മനോജ് കുമാർ,സുൽഫിക്കർ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.