പത്തനംതിട്ട : കേരള കേന്ദ്ര സർവകലാശാലയുടെ കീഴിൽ തിരുവല്ലയിൽ പ്രവർത്തിക്കുന്ന നിയമ പഠന വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ദേശീയ മൂട്ട് കോർട്ട് മത്സരം സംഘടിപ്പിക്കുന്നു. സർവകലാശാല വൈസ് ചാൻസലർ പ്രൊഫ.ഡോ.എച്ച്.വെങ്കടേശ്വരലു മത്സരത്തിന്റെ വിവരങ്ങൾ അടങ്ങുന്ന പോസ്റ്റർ പ്രസിദ്ധീകരിച്ചുകൊണ്ട് ഔദ്യോഗിക പ്രഖ്യാപനം നടത്തി. സെപ്തംബർ 22 മുതൽ 25 വരെ ഓൺലൈൻ വഴിയാണ് മത്സരം. ആഗസ്റ്റ് 10ന് മത്സരത്തിന്റെ വിശദാംശങ്ങൾ അടങ്ങുന്ന ലഘുലേഖ സർവകലാശാലയുടെ വെബ്‌സൈറ്റായ www .cukerala.ac.in ൽ പ്രസിദ്ധീകരിക്കും. രജിസ്‌ട്രേഷനുള്ള അവസാന തീയതി സെപ്തംബർ അഞ്ച്. പഞ്ചവത്സര/ ത്രിവത്സര എൽ.എൽ.ബി വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം.

പരിപാടിയുടെ പ്രഖ്യാപനത്തിനായി ഓൺലൈനായി ചേർന്ന യോഗത്തിൽ കേരള കേന്ദ്ര സർവകലാശാല സ്‌കൂൾ ഒഫ് ലീഗൽ സ്റ്റഡീസ് ഡീൻ ഡോ. എം.ആർ. ബിജു അദ്ധ്യക്ഷത വഹിച്ചു. മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഒഫ് ഇന്ത്യൻ ലീഗൽ തോട്ട് ഡീൻ പ്രൊഫ.ഡോ.ബിസ്മി ഗോപാലകൃഷ്ണൻ , നിയമ പഠന വിഭാഗം മേധാവി ഡോ.കെ.ഐ.ജയശങ്കർ , ഫാക്കൽറ്റി കൗൺസിൽ സെക്രട്ടറി ഡോ.ജെ.ഗിരീഷ് കുമാർ എന്നിവർ സംസാരിച്ചു.