അടൂരിൽ ദേശീയ നേതാക്കൾ വരാതിരുന്നത് തോൽവിക്ക് കാരണമായി
റാന്നിയിൽ അമിത വിശ്വാസം തിരിച്ചടിയായി
തിരുവല്ലയിൽ വിവാദം വിനയായി
പത്തനംതിട്ട: നിയമസഭാ തിരഞ്ഞെടുപ്പ് തോൽവി വിലയിരുത്താനെത്തിയ കെ.പി.സി.സി സംഘത്തിന് മുന്നിൽ ജില്ലയിലെ നേതാക്കൾ പരാതിക്കെട്ടഴിച്ചു. അടൂർ, റാന്നി, തിരുവല്ല മണ്ഡലങ്ങളിലെ നേതാക്കളാണ് ഇന്നലെയെത്തിയത്. കോന്നി, ആറൻമുള മണ്ഡലങ്ങളിലെ നേതാക്കളെ അടുത്ത മാസം അഞ്ചിന് വിളിപ്പിച്ചിട്ടുണ്ട്. മുൻ എം.എൽ.എ പി.ജെ.ജോയ്, ആർ. എസ്.പണിക്കർ, പ്രതാപൻ എന്നിവരാണ് കെ.പി.സി.സി സംഘത്തിലുണ്ടായിരുന്നത്. ഇന്നലെ രാവിലെ തുടങ്ങിയ കൂടിക്കാഴ്ച വൈകിട്ടാണ് അവസാനിച്ചത്.
അടൂരിൽ രാഹുൽ ഗാന്ധിയോ പ്രിയങ്ക ഗാന്ധിയോ പ്രചാരണത്തിന് എത്തിയിരുന്നെങ്കിൽ വിജയിക്കാമായിരുന്നുവെന്ന് മണ്ഡലത്തിലെ സ്ഥാനാർത്ഥി എം.ജി. കണ്ണനും മറ്റ് നേതാക്കളും അഭിപ്രായപ്പെട്ടു.
യു.ഡി.എഫ് അട്ടിമറി വിജയം പ്രതീക്ഷിച്ച അടൂരിൽ എം.ജി കണ്ണൻ എൽ.ഡി.എഫ് സ്ഥാനാർത്ഥി ചിറ്റയം ഗോപകുമാറിനോട് പരാജയപ്പെട്ടത് 2919 വോട്ടിനാണ്. .
കെ.പി.സി.സി സെക്രട്ടറി പഴകുളം മധു, നിർവാഹക സമിതിയംഗം തോപ്പിൽ ഗോപകുമാർ, പഴകുളം ശിവദാസൻ, ഏഴംകുളം അജു, മണ്ണടി പരമേശ്വരൻ, നരേന്ദ്രനാഥൻ, ബിജിലി ജോസഫ്, എസ്. ബിനു, ബിനു ചക്കാലയിൽ, കുഞ്ഞൂഞ്ഞമ്മ ജോസഫ്, ആനന്ദപ്പള്ളി സുരേന്ദ്രൻ എന്നിവർ തങ്ങളുടെ അഭിപ്രായം അറിയിച്ചു.
റാന്നിയിൽ വിജയിക്കുമെന്ന അമിത ആത്മവിശ്വാസമാണ് തിരിച്ചടിയായതെന്ന് നേതാക്കൾ പറഞ്ഞു. സംഘടനാ സംവിധാനത്തിൽ പോരായ്മ ഉണ്ടായിട്ടുണ്ടെന്ന അഭിപ്രായം തനിക്കില്ലെന്ന് സ്ഥാനാർഥിയായിരുന്ന റിങ്കു ചെറിയാൻ അറിയിച്ചു. പോരായ്മകളുടെ നീണ്ട പട്ടികയാണ് മറ്റുള്ളവർ നിരത്തിയത്. പരാജയത്തിനുത്തരവാദിത്വം ആരുടെ മേലും കെട്ടിവയ്ക്കാൻ റിങ്കു തയാറായില്ല. സ്ഥാനാർത്ഥി നിർണയത്തിലെ പോരായ്മ മുതൽ സംഘടനാ സംവിധാനത്തിലെ പാളിച്ചകൾ വരെ റാന്നിയിലുണ്ടായിട്ടുണ്ടെന്ന് തെളിവു നൽകാനെത്തിയ നേതാക്കൾ പറഞ്ഞു. എൽ.ഡി.എഫിൽ നിന്ന് ഇത്തവണ തിരികെപിടിക്കാമെന്ന് കരുതിയ മണ്ഡലം 1285 വോട്ടുകൾക്കാണ് നഷ്ടപ്പെട്ടത്. തികഞ്ഞ ആത്മവിശ്വാസം യു.ഡി.എഫിനുണ്ടായിരുന്ന മണ്ഡലമായിരുന്നു റാന്നി. തോൽവിയുടെ പിന്നിൽ കോൺഗ്രസിലെ അന്തഃഛിദ്രം ഇത്തവണയും കാരണമായിട്ടുണ്ടെന്ന അഭിപ്രായം ഉണ്ടായി.
തിരുവല്ല സീറ്റ് ആവശ്യപ്പെട്ട് ചില കോൺഗ്രസ് നേതാക്കൾ പരസ്യമായി രംഗത്തെത്തിയത് അനാവശ്യ വിവാദത്തിന് കാരണമായായെന്നായിരുന്നു ജോസഫ് വിഭാഗത്തിന്റെ നിലപാട്. സീറ്റ് നിശ്ചയിച്ചിട്ടും തർക്കമുയർത്തിയെന്നായിരുന്നു ജോസഫ് വിഭാഗത്തിന്റെ വിമർശനം. എൽ.ഡി.എഫ് സ്ഥാനാർത്ഥി മാത്യു ടി. തോമസ് 11421 വോട്ടുകൾക്കാണ് ഇവിടെ വിജയിച്ചത്. കുഞ്ഞുകോശി പോളായിരുന്നു യു.ഡി.എഫ് സ്ഥാനാർത്ഥി.