പത്തനംതിട്ട : കേരളത്തിലെ സ്വകാര്യ ബസ് മേഖലയെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് പത്തനംതിട്ട ജില്ല പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ അടൂർ, പന്തളം, തിരുവല്ല , മല്ലപ്പള്ളി, റാന്നി, പത്തനംതിട്ട എന്നിവിടങ്ങളിലെ ബസ് സ്റ്റാൻഡുകളിൽ സ്വകാര്യ ബസുടമകൾ ഉപവാസ സമരംനടത്തി. പൊതുഗതാഗതം സംരക്ഷിക്കുക, ബസുകൾക്ക് പലിശരഹിത വായ്പ അനുവദിക്കുക,ഡീസലിന് സബ്സിഡി നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. പത്തനംതിട്ടയിൽ നഗരസഭ ചെയർമാൻ സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ ജില്ലാ പ്രസിഡന്റ് വേണാട് ഷാജി അദ്ധ്യക്ഷത വഹിച്ചു. ജില്ലയിലെ പ്രമുഖ രാഷ്ട്രീയ നേതാക്കൾ പങ്കെടുത്തു. തിരുവല്ലയിൽ ജില്ലാ സെക്രട്ടറി പി.ആർ രാധാകൃഷ്ണൻ നായർ ഉദ്ഘാടനംചെയ്തു. ടി.കെ പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. മല്ലപ്പള്ളിയിൽ പഞ്ചായത്ത് പ്രസിഡന്റ് ഗീതാ കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് സാബു ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു. റാന്നിയിൽ കെ.പി.സി.സി സെക്രട്ടറി റിങ്കു ചെറിയാൻ ഉദ്ഘാടനംചെയ്തു. താലൂക്ക് പ്രസിഡന്റ് തോമസ് മാത്യു പരുവാനിക്കൽ അദ്ധ്യക്ഷത വഹിച്ചു.